ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ മെയ് 28 മുതൽ മെയ് 30 വരെ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് RTA

featured UAE

ദുബായ് – അൽ ഐൻ റോഡിലൂടെ, അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2021 മെയ് 28, വെള്ളിയാഴ്ച്ച 12:00 am മുതൽ മെയ് 30, ഞായറാഴ്ച്ച 6:00 am വരെയാണ് അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ നിന്ന് എമിരേറ്റ്സ് റോഡിലേക്കുള്ള ഫ്രീ റൈറ്റ് ടേൺ അടച്ചിടുന്നതെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 27-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരോട് ഈ പ്രദേശത്തെ പ്രത്യേക റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, യാത്രകൾക്കായി ഇതരമാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താനും RTA നിർദ്ദേശിച്ചിട്ടുണ്ട്.

RTA

ദുബായിൽ നിന്ന് ദുബായ് – അൽ ഐൻ റോഡിൽ സഞ്ചരിക്കുന്നവർക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ഡ്രൈവർമാർക്ക് ഉപയോഗിക്കാവുന്ന ഇതരമാർഗ്ഗങ്ങൾ അടയാളപ്പെടുത്തിയ ഒരു റോഡ്മാപ്പ് RTA ഈ അറിയിപ്പിനൊപ്പം നൽകിയിട്ടുണ്ട്.