ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

featured GCC News

പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഇതോടെ ഒമാനിൽ പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റിനായി ഈ പുതുക്കിയ ഫീ നല്കേണ്ടിവരുന്നതാണ്.

2021 ജനുവരിയിലാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് ഈ പുതുക്കിയ ഫീ ജൂൺ 1 മുതൽ ഇടാക്കിത്തുടങ്ങുമെന്ന് മന്ത്രാലയം ജനുവരിയിൽ അറിയിച്ചിരുന്നു. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്തുന്നത്.

ഈ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രകാരം ജൂൺ 1 മുതൽ ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 2001 റിയാൽ ഈടാക്കുന്നതാണ്. മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്. ഇതിന് പുറമെ, പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള ഫീ തുകകളും ഈ തീരുമാനത്തിന്റെ ഭാഗമായി ഉയർത്തിയിട്ടുണ്ട്.

ജൂൺ 1 മുതൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി നൽകുന്ന പുതിയ അപേക്ഷകൾക്കും, ഇതുവരെ ഫീ അടച്ചിട്ടില്ലാത്ത നിലവിൽ നൽകിയിട്ടുള്ള അപേക്ഷകൾക്കും ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.