മനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട ഇരകളുടെയോ സാക്ഷികളുടെയോ പേരുകൾ, മറ്റു വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുകയോ, ഇവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. മനുഷ്യക്കടത്തിനെതിരായ ലോക ദിനത്തിന്റെ വേളയിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിനായി യു എ ഇ ഏർപ്പെടുത്തിയിട്ടുള്ള 2006-ലെ ഫെഡറൽ ലോ നമ്പർ (51) ലെ ആർട്ടിക്കിൾ (6) പ്രകാരം, ഏതെങ്കിലും തരത്തിലുള്ള പ്രസിദ്ധീകരണത്തിലൂടെ ഇരകളുടെയോ, മനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട സാക്ഷികളുടെയോ പേരോ ഫോട്ടോകളോ പ്രസിദ്ധീകരിക്കുന്നവർക്ക് തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നിയമപരമായ സംസ്കാരവും അവബോധവും പൊതുജനങ്ങളിൽ ഉയർത്തുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഈ അറിയിപ്പ് നൽകിയത്.
WAM