ദുബായ്: എക്സ്പോ 2020 സന്ദർശകർക്ക് സ്മരണികയായി പ്രത്യേക പാസ്‌പോർട്ട്

UAE

എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സ്മരണികയായി ഒരു പ്രത്യേക പാസ്‌പോർട്ട് ലഭിക്കുന്നതാണ്. എക്സ്പോ 2020-ലെ 200-ലധികം പവലിയനുകൾ സന്ദർശിച്ചതിന്റെ ഓർമ്മകൾ എക്കാലവും സൂക്ഷിക്കുന്നതിന് സന്ദർശകർക്ക് ഈ പാസ്പോർട്ട് മുതൽക്കൂട്ടാവുന്നതാണ്.

182 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോയിൽ സന്ദർശകർക്ക് പരമാവധി പവലിയനുകൾ സന്ദർശിക്കുന്നതിന് ഈ പാസ്പോർട്ട് പ്രോത്സാഹനമാകുന്നതാണ്. എക്സ്പോ അവസാനിച്ചതിന് ശേഷവും എക്സ്പോയിൽ നിന്നുള്ള അനുഭവങ്ങളുടെ ഓർമ്മകൾ പുനർവിചിന്തനം ചെയ്യാൻ ഈ പാസ്പോർട്ട് ഒരു കാരണമാകുമെന്ന് എക്സ്പോ 2020 ദുബായ് സെപ്റ്റംബർ 9, വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

1967-ൽ മോൺ‌ട്രിയലിൽ നടന്ന ലോക എക്‌സ്‌പോയിലാണ് ഇത്തരം പാസ്പോർട്ട് ആദ്യമായി അവതരിപ്പിച്ചത്. മേളയിൽ തങ്ങൾ സന്ദർശിക്കുന്ന വ്യത്യസ്ത അന്താരാഷ്ട്ര പവലിയനുകളുടെ ഓർമ്മകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള എക്സ്പോ സ്മരണികയാണ് ഇത്തരം പാസ്‌പോർട്ടുകൾ.

ഒരു ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധപ്പെടുത്തി യുഎഇയുടെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എക്സ്പോ 2020 പതിപ്പ് സംഘടിപ്പിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ഈ പാസ്പോർട്ടിൽ അതിന്റേതായ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പാസ്പോർട്ടിനും ഒരു തിരിച്ചറിയൽ നമ്പർ, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ ഉൾപ്പെടുത്താനുള്ള ഇടം, വ്യക്തിഗത വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം ഓരോ പേജിലും മറഞ്ഞിരിക്കുന്ന വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Expo 2020 Dubai Passport. Source: Dubai Media Office.

യു എ ഇ നിലവിൽ അതിന്റെ സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുന്നതിനാൽ, ഈ പാസ്‌പോർട്ടിൽ രാജ്യത്തിന്റെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ ആദരിക്കുന്നതിനായി ഗോൾഡ് ഫോയിലിൽ തീർത്ത ഒരു പ്രത്യേക പേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം 1971-ലെ ഒരു രേഖാചിത്രവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡിസംബർ 2 ന്, എക്സ്പോ സന്ദർശിക്കുന്നവർക്ക് യു എ ഇയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നതാണ്.

എക്സ്പോ 2020 ദുബായ് പാസ്പോർട്ടിന് 20 ദിർഹമാണ് വിലയിട്ടിരിക്കുന്നത്. എക്സ്പോ സൈറ്റിലുടനീളം സ്ഥിതിചെയ്യുന്ന എല്ലാ ഔദ്യോഗിക എക്സ്പോ 2020 ദുബായ് സ്റ്റോറുകളിലും, ദുബായ് എയർപോർട്ട്സ് ടെർമിനൽ 3 ൽ സ്ഥിതിചെയ്യുന്ന എക്സ്പോ 2020 ദുബായ് സ്റ്റോറിലും, https://www.expo2020dubai.com/onlinestore എന്ന വിലാസത്തിലും ഈ പാസ്പോർട്ട് ലഭ്യമാണ്.

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന എക്സ്പോ 2020 191 രാജ്യങ്ങളും ബിസിനസ്സുകളും ബഹുരാഷ്ട്ര സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ 200-ൽ അധികം പങ്കാളികളെ ഒരു കുട കീഴിൽ അണിചേർക്കുന്നു..

WAM