ഷാർജ: വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി

GCC News

എമിറേറ്റിൽ സംഘടിപ്പിക്കുന്ന വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു. സെപ്റ്റംബർ 19-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലെ പൊതുസമൂഹത്തിൽ COVID-19 വ്യാപനം തടയുന്നതിനായാണ് ഇത്തരം സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തുന്നത്. ഈ അറിയിപ്പ് പ്രകാരം എമിറേറ്റിലെ വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകളിൽ താഴെ പറയുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ബാധകമാകുന്നതാണ്:

  • വീടുകളിൽ വെച്ച് നടത്തുന്ന ഇത്തരം ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം.
  • ഹാളുകളിൽ വെച്ച് നടത്തുന്ന സാമൂഹിക ചടങ്ങുകളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം.
  • ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തികൾക്കിടയിൽ ചുരുങ്ങിയത് 4 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കിയിരിക്കേണ്ടതാണ്.
  • പരമാവധി 200 പേർക്ക് പങ്കെടുക്കാവുന്ന രീതിയിൽ വിവാഹ ടെന്റുകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ നിബന്ധനകൾ കർശനമായി പാലിച്ച് കൊണ്ട് മാത്രമാണ് ഇത്തരം ടെന്റുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
  • എല്ലാത്തരം ഒത്ത് ചേരലുകളിലും പങ്കെടുക്കുന്നവർ COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചവരായിരിക്കണം. ഇവർ നിർബന്ധമായും Al Hosn ആപ്പിൽ ഗ്രീൻ പാസ് പ്രയോഗക്ഷമമാക്കേണ്ടതാണ്.
  • ഇത്തരം ചടങ്ങുകളിൽ ഓരോ മേശകളിലും പരമാവധി ശേഷിയുടെ 50 ശതമാനം പേരെ ഇരുത്തുന്ന രീതി പാലിക്കേണ്ടതാണ്.
  • ഇത്തരം ചടങ്ങുകൾ പരമാവധി നാല് മണിക്കൂറിൽ അവസാനിക്കുന്ന രീതിയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, പ്രായമായവർ, COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ ഇത്തരം ചടങ്ങുകളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
  • ഇത്തരം ചടങ്ങുകളിലെ സന്ദർശകർ മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതും, ഹസ്തദാനം, ആലിംഗനം തുടങ്ങിയ ഉപചാരങ്ങൾ ഒഴിവാക്കേണ്ടതുമാണ്.