91-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് റോയൽ സൗദി എയർഫോഴ്സിനു കീഴിലുള്ള യുദ്ധവിമാനങ്ങൾ ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ അതിഗംഭീരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു. 2021 സെപ്റ്റംബർ 23-നാണ് സൗദി ദേശീയ ദിനമായി ആഘോഷിക്കുന്നത്.
2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ചയാണ് റോയൽ സൗദി എയർഫോഴ്സ് പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചത്. സൗദി എയർഫോഴ്സിലെ ഹ്വാക്സ് ടീം, K3-MRTT വിഭാഗം, പെയിന്റഡ് കോംബാറ്റ് എയർക്രാഫ്റ്റ് വിഭാഗം എന്നിവർ ഈ വ്യോമാഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തു.
ജിദ്ദ, തായിഫ് എന്നിവിടങ്ങളിലെ പ്രകടനങ്ങൾക്ക് പുറമെ സൗദി നാഷണൽ ഡേയുടെ ഭാഗമായി സെപ്റ്റംബർ 23, വ്യാഴാഴ്ച്ച റിയാദിൽ അതിവിപുലമായ എയർ ഷോ, സൈനിക പരേഡ് എന്നിവ സംഘടിപ്പിക്കുന്നതാണ്. വ്യാഴാഴ്ച്ച നടക്കുന്ന ഈ വ്യോമപ്രദർശനത്തിന്റെ ഭാഗമായി റിയാദിന്റെ ആകാശത്തുടനീളം സൗദി ഹ്വാക്സ് ടീം, റോയൽ എയർഫോഴ്‌സ് യുദ്ധവിമാനങ്ങൾ, സിവിൽ ഏവിയേഷനു കീഴിലുള്ള വിമാനങ്ങൾ എന്നിവ വ്യോമാഭ്യാസങ്ങൾ അവതരിപ്പിക്കുന്നതാണ്.
സെപ്റ്റംബർ 23-ന് വൈകീട്ട് നാല് മണിക്ക് റിയാദിലെ നോർത്ത് ഇൻഡസ്ട്രിയൽ ബിൽഡിംഗിന് സമീപം ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന ഹെലികോപ്ടറുകളുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. സൗദി ആഭ്യന്തര മന്ത്രാലയം, GEA എന്നിവർ സംഘടിപ്പിക്കുന്ന ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന സൈനിക പരേഡിൽ ഇതാദ്യമായി ഈ വർഷം വനിതകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സൗദി റോയൽ ഗാർഡുകളുടെ പ്രത്യേക പരേഡും ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് നാല് മുതൽ രാത്രി എട്ട് മണിവരെയാണ് ഈ പരേഡുകൾ അവതരിപ്പിക്കുന്നത്.
സൗദിയിലെ എല്ലാ നഗരങ്ങളും, മുഴുവൻ ഗവർണറേറ്റുകളും ദേശീയ ദിനാഘോഷങ്ങൾക്കായി പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിലായുള്ള 13 നഗരങ്ങളിൽ സെപ്റ്റംബർ 23-ന് രാത്രി 9 മണിക്ക് പ്രത്യേക കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന റോഡുകളും കൊടികളാലും, ദീപാലങ്കാരങ്ങളാലും മോടിപിടിപ്പിച്ചിട്ടുണ്ട്. പൊതു ഇടങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പൊതു കെട്ടിടങ്ങൾ തുടങ്ങിയവയും നാഷണൽ ഡേയുടെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്.
സൗദി വിഷൻ 2030-യുടെ ആശയങ്ങൾക്കനുസൃതമായാണ് 91-മത് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള വർണ്ണാലങ്കാരങ്ങൾക്ക് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) രൂപം നൽകിയിരിക്കുന്നത്. ഈ വർഷത്തെ സൗദി നാഷണൽ ഡേ മുന്നോട്ട് വെക്കുന്ന ആശയമായ ‘സൗദി നമ്മളുടെ വീടാണ്’ എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക അലങ്കാരങ്ങൾ, പൊതു പരിപാടികൾ എന്നിവ രാജ്യത്തുടനീളമുള്ള വിവിധ മുൻസിപ്പാലിറ്റികളുമായി ചേർന്ന് GEA ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) നേരത്തെ അറിയിച്ചിട്ടുണ്ട്.
SPA