രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ ഉൾപ്പെടുത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഒക്ടോബർ 3-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണ് Tawakkalna ആപ്പിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ച് നിയന്ത്രിക്കുന്നതിനായി സൗദിയിൽ Tawakkalna ആപ്പാണ് ഉപയോഗിക്കുന്നത്.
“സമൂഹത്തിന്റെ സുരക്ഷയ്ക്കായി വ്യക്തികൾ COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണമെന്നത് വളരെ പ്രധാനമാണ്. വൈറസിന്റെ വിവിധ വകഭേദങ്ങളിൽ നിന്ന് സുരക്ഷ ലഭിക്കുന്നതിനായി COVID-19 രോഗമുക്തി നേടുന്നവർ പോലും രണ്ട് ഡോസ് സ്വീകരിക്കേണ്ടതാണ്.”, സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി ചൂണ്ടിക്കാട്ടി.
ഈ തീരുമാന പ്രകാരം 2021 ഒക്ടോബർ 10-ന് രാവിലെ 6 മണി മുതൽ സൗദിയിലെ വാണിജ്യ, വ്യാവസായിക, സാംസ്കാരിക, വിനോദ, കായിക, ടൂറിസം മേഖലകളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിലും, ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്ന നിബന്ധന ബാധകമാണ്.