രാജ്യത്തെ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ വിഷയങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനം നടപ്പിലാക്കുന്നതിനായി സൗദി വിദ്യാഭ്യാസ മന്ത്രാലയവും, സൗദി ഹെറിറ്റേജ് അതോറിറ്റിയും ചേർന്ന് സംയുക്തമായ നടപടികൾ കൈക്കൊള്ളുന്നതാണ്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതായ പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ വിഷയങ്ങൾ തീരുമാനിക്കുന്നതിനായി രാജ്യത്ത് പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രൈമറി തലം മുതൽ ഈ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്കിടയിൽ പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ അവബോധം വളർത്തുന്നതിനും, സൗദിയിലുടനീളമുള്ള പുരാവസ്‌തു മേഖലകളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും, അതിലൂടെ ദേശീയ സ്വത്വം ഉയർത്തുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.