COVID-19 – പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ നൂറിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

International News

ചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി. ഇതിൽ ഒട്ടുമിക്ക രോഗബാധകളും ഇറാനിലേക്ക് യാത്ര ചെയ്തവരുമായി ബന്ധപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി അയൽ രാജ്യങ്ങളെല്ലാം ഇറാനിലേക്കുള്ള അതിർത്തികൾ അടയ്ക്കുകയും, ഇറാനിലേക്കും തിരികെയുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇറാനിൽ ഇതുവരെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 15 മരണവും 100-ഓളം പേർക്ക് COVID-19 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. യഥാർത്ഥ കണക്കുകൾ ഇതിലും പല മടങ്ങ് കൂടുതലാണെന്ന് ഇറാനിൽ നിന്ന് പുറത്തു വരുന്ന ചില മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നുണ്ട്.

ബഹ്‌റൈനിൽ നിന്ന് ഇന്നലെ സ്ഥിരീകരിച്ച 15 പേർക്കുൾപ്പെടെ ഇതു വരെ 23 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറാനിൽ നിന്ന് യാത്രചെയ്തു വന്ന സൗദി, ബഹ്‌റൈനി പൗരന്മാർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യങ്ങളെ തുടർന്ന് കൊറോണാ ബാധിത മേഖലകളിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കെത്തുന്ന സഞ്ചാരികളെയെല്ലാം പ്രത്യേക ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്. ബുധനാഴ്ച്ച മുതൽ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ രണ്ട് പേർക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ കുവൈറ്റിൽ നിന്ന് സ്ഥിരീകരിച്ച കൊറോണാ ബാധിതരുടെ എണ്ണം പതിനൊന്നായി. ഇറാനിലെ മഷാദ് പ്രദേശത്ത് നിന്ന് മടങ്ങിയെത്തിവരിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. യു എ ഇയിൽ ആകെ 13 പേർക്കും, ഒമാനിൽ 5 പേർക്കും, ഇറാഖ്, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിൽ നിന്ന് ഓരോ പേർക്ക് വീതവും രോഗം കണ്ടെത്തിയിട്ടുണ്ട്.

ഈ മേഖലയിലെ രാജ്യങ്ങളെല്ലാം രോഗം നിയന്ത്രിക്കുന്നതിനും, മികച്ച ചികിത്സകൾ ലഭ്യമാകുന്നതിനുമായുള്ള ആരോഗ്യ സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.