ബഹ്‌റൈൻ: ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

GCC News

സൗത്ത് ആഫ്രിക്ക ഉൾപ്പടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ചു. 2021 നവംബർ 26-ന് വൈകീട്ട് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം. ഈ തീരുമാന പ്രകാരം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് ബഹ്‌റൈൻ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

നാഷണൽ മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരമുള്ള ഈ വിലക്കിൽ നിന്ന് ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈൻ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വിമാനങ്ങളിൽ നേരിട്ടും, അല്ലാതെയും എത്തുന്ന മുഴുവൻ പേർക്കും ഈ തീരുമാനം ബാധകമാണ്.

സൗദി അറേബ്യ, യു എ ഇ തുടങ്ങിയ ജി സി സി രാജ്യങ്ങളും സമാനമായ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.