യു എ ഇ: മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ

UAE

ഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തേഴാമത്‌ സീസൺ 2021 ഡിസംബർ 15 മുതൽ ആരംഭിക്കും. സന്ദർശകർക്കായി ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീർക്കുന്ന DSF-ന്റെ ഇരുപത്തേഴാമത്‌ സീസൺ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 30 വരെയാണ് സംഘടിപ്പിക്കുന്നത്.

അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്ന DSF ഉപഭോക്താക്കളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള സമ്മാനങ്ങളുടെയും, സാധ്യതകളുടെയും കലവറ കൂടിയാണ്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സംഘടിപ്പിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും സമ്മാനിക്കുന്നു.

ഇത്തവണ എക്സ്പോ 2020 ദുബായ്ക്കൊപ്പമാണ് DSF സംഘടിപ്പിക്കപ്പെടുന്നതെന്ന പ്രത്യേക കൂടിയുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങുന്നതിന് അവസരം ലഭിക്കുന്നതിനൊപ്പം തത്സമയ സംഗീതമേളകൾ, കുടുംബത്തിന് ഒത്തൊരുമിച്ച് പങ്കെടുക്കാവുന്ന കലാപ്രദർശനങ്ങൾ, ഔട്ട്ഡോർ മാർക്കറ്റുകൾ, ഓപ്പൺ എയർ ഡൈനിങ്ങ് തുടങ്ങിയ നിരവധി അനുഭവങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കുന്നതിനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.

ഇരുപത്തേഴാമത്‌ സീസൺ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 27 മുതൽ ദിനം തോറും മുൻകൂട്ടി അറിയിക്കാതെയുള്ള പ്രത്യേക വിസ്‌മയകരമായ പരിപാടികൾ ഉൾപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. DSF ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസംബർ 15-ന് എമിറാത്തി ഗായിക ബൾക്കീസ് ഫാതി, ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് ഹമാക്കി എന്നിവർ പങ്കെടുക്കുന്ന ഒരു തത്സമയ സംഗീതനിശ സംഘടിപ്പിക്കുന്നതാണ്. ഉദ്ഘാടന പരിപാടികൾ നടക്കുന്ന സ്റ്റേജിൽ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് ബുർജ് ഖലീഫ ലൈറ്റ് ഷോ, നൃത്തം ചെയ്യുന്ന ഫൗണ്ടനുകൾ, കലാകാരൻമാർ എന്നിവ സൃഷ്ടിക്കുന്ന പ്രത്യേക പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

DSF-ന്റെ ആദ്യ ആഴ്ച്ചയിൽ മാൾ ഓഫ് എമിറേറ്റ്സിലെ തീയറ്ററിൽ ‘സ്നോ വൈറ്റ് ആൻഡ് ദി സെവൻ ഡ്വാർഫ്സ്’, QE2 തീയറ്ററിൽ ‘അല്ലാദ്ദിൻ’ തുടങ്ങിയ പ്രദർശനങ്ങളും ദുബായ് ഓപ്പറയിൽ ഓപ്പറ അൽ വാസിൽ, ജോസഫ് തവഡ്രോസ് എന്നിവരുടെ തത്സമയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊക്കോകോള അരീനയിൽ ഡോൺ മോൺ അവതരിപ്പിക്കുന്ന തത്സമയ പരിപാടി, ഐ എം ജി വേൾഡ് ഓഫ് അഡ്വെൻച്ചേർസിൽ ‘2021 ഫാഷൻ വീക്ക്’ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

ജുമേയ്‌റ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്സിൽ രണ്ടാമത് DSF ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ദിനവും വൈകീട്ട് 7.15 മുതൽ രാത്രി 9.30 വരെയാണ് ഈ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.