COVID-19 പ്രതിരോധ നിർദ്ദേശങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ യു എ ഇ മുന്നറിയിപ്പ് നൽകി

featured GCC News

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകൾ, കിംവദന്തികൾ തുടങ്ങിയ പ്രചരിപ്പിക്കുന്നവർക്കെതിരെ യു എ ഇ ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ മുന്നിറിയിപ്പ് നൽകി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി യു എ ഇ അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള പ്രതിരോധ നടപടികൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും പ്രോസിക്യൂഷൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ജനുവരി 10-നാണ് അധികൃതർ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും COVID-19 മുൻകരുതൽ നിർദ്ദേശങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പ്രോസിക്യൂഷൻ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

“സമൂഹ മാധ്യമങ്ങളിൽ അടുത്ത കാലങ്ങളിലായി COVID-19 രോഗബാധിതരായ ഏതാനം വ്യക്തികളുടെ അൽ ഹൊസൻ ആപ്പിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഫോട്ടോ, വീഡിയോ തുടങ്ങിയവയോടൊപ്പം, രാജ്യത്തെ COVID-19 പ്രതിരോധ മാർഗനിർദ്ദേശങ്ങളെ അപമാനിക്കുകയും, കളിയാക്കുകയും ചെയ്യുന്ന രീതിയിലുള്ള സന്ദേശങ്ങൾ, പാട്ടുകൾ തുടങ്ങിയവ ഉൾപ്പടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഇത്തരം മുൻകരുതൽ നിർദ്ദേശങ്ങൾ മറികടക്കുന്നതിനും, പാലിക്കാതിരിക്കുന്നതിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മഹാമാരിക്കെതിരായ ദേശീയ തലത്തിലുള്ള പോരാട്ടത്തിന് ഭീഷണിയുയർത്തുന്നതാണ്. അതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് കനത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.”, യു എ ഇ ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കിംവദന്തികളും, സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ ഫെഡറൽ ഉത്തരവ്-നിയമം നമ്പർ 34 പ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. COVID-19 രോഗബാധയുമായി ബന്ധപ്പെട്ട വാർത്തകൾ, അറിയിപ്പുകൾ എന്നിവ സമൂഹമാധ്യമങ്ങളിലും മറ്റും പങ്ക് വെക്കുന്ന വ്യക്തികൾ ദേശീയ, സാമൂഹിക ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ പങ്കാളികളാകാനും, പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

WAM