ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 പ്രദർശനം ജനുവരി 24, തിങ്കളാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിലും വെച്ച് നടക്കുന്ന ഹെൽത്ത് കെയർ, ലബോറട്ടറി കമ്പനികളുടെയും, സാങ്കേതികവിദ്യകളുടെയും, ഉൽപ്പന്നങ്ങളുടെയും ഏറ്റവും വലിയ സമ്മേളനവും, പ്രദർശനവുമാണിത്.
ഈ പ്രദർശനം 2022 ജനുവരി 24 മുതൽ ജനുവരി 27 വരെ നീണ്ട് നിൽക്കും. നാല് ദിവസത്തെ ഹെൽത്ത്‌കെയർ, ലബോറട്ടറി പ്രദർശനത്തിൽ 60,000-ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,500-ലധികം പ്രദർശകർ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ഈ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്. 550-ലധികം പ്രാദേശിക, അന്തർദേശീയ പ്രഭാഷകർ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ, 21 തുടർ മെഡിക്കൽ വിദ്യാഭ്യാസ കോൺഫറൻസുകൾ, ശാസ്ത്ര പ്രഭാഷണങ്ങൾ, വ്യവസായ സംഗ്രഹങ്ങൾ എന്നിവ മേളയിൽ അരങ്ങേറുന്നതാണ്.
ആഗോളതലത്തിൽ COVID-19 മഹാമാരിക്കെതിരായ പോരാട്ടം തുടരുന്ന ഈ സാഹചര്യത്തിൽ ഇത്തരം ഒരു പ്രദർശനത്തിന് ആതിഥേയത്വം വഹിക്കേണ്ടതിന്റെ പ്രാധാന്യം H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് എടുത്തു പറഞ്ഞു. അന്താരാഷ്‌ട്ര പരിപാടികൾക്ക് സുരക്ഷിതമായ ഒരു വേദി നൽകാനുള്ള ദുബായുടെ കഴിവ്, മാനവികത നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ വ്യവസായ പ്രമുഖർക്കും പ്രൊഫഷണലുകൾക്കും കഴിയുമെന്ന് ഉറപ്പ് വരുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യു എ ഇ ആരോഗ്യ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസിനൊപ്പമാണ് ഷെയ്ഖ് ഹംദാൻ ഈ പ്രദർശന വേദി സന്ദർശിച്ചത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മർരി, ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) ഡയറക്ടർ ജനറൽ അവദ് അൽ കെത്ബി എന്നിവരും ഈ സന്ദർശനത്തിൽ പങ്കെടുത്തു.
തന്റെ പര്യടനത്തിനിടെ, ഷെയ്ഖ് ഹംദാൻ DHA-യുടെ പവലിയൻ സന്ദർശിച്ചു. ‘ദുബായ് ഹാർട്ട് സേഫ് സിറ്റി പ്രോജക്റ്റ്’, ‘ഡോക്ടർ ഫോർ എവരി സിറ്റിസൺ’, ‘നബിദ് പ്രോജക്റ്റ്’ തുടങ്ങിയ സ്മാർട്ട് ആപ്പുകളെക്കുറിച്ചും, DHA-യുടെ സേവനങ്ങളെക്കുറിച്ചും ഈ പവലിയനിലെത്തുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്. യു.എ.ഇ.യുടെ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ പവലിയനും അദ്ദേഹം സന്ദർശിച്ചു.
WAM