എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിലെ കേരള വീക്ക് ഫെബ്രുവരി 4-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

UAE

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വീക്ക്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് (2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച) ഉദ്ഘാടനം ചെയ്യും.

“ഇന്ത്യൻ പവലിയനിലെ കേരള വാരാചരണം ഫെബ്രുവരി 4-ന് കേരള മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതാണ്. നാടിന്‍റെ പ്രൗഢി, പെരുമ, വൈവിധ്യം, നിക്ഷേപ അവസരങ്ങൾ എന്നിവ അടിവരയിടുന്ന ‘കേരള വീക്ക്’ ഫെബ്രുവരി 4 മുതൽ ഫെബ്രുവരി 19 വരെ നീണ്ട് നിൽക്കും.”, ഇക്കാര്യം അറിയിച്ച് കൊണ്ട് യു എ ഇയിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.

“കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ‘കേരള വീക്ക്’ ഫെബ്രുവരി 4-ന് ഉദ്‌ഘാടനം ചെയ്യുന്നതാണ്. തുടർന്ന് അദ്ദേഹം കേരളവും, യു എ ഇയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതാണ്.”, എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. 2022 ഫെബ്രുവരി 4-ന് വൈകീട്ട് 6 മണിക്ക് ജൂബിലി സ്റ്റേജിൽ വെച്ചാണ് ശ്രീ. പിണറായി വിജയൻ സംസാരിക്കുന്നത്.

എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വാരാചരണ’ത്തോട് അനുബന്ധിച്ച് യു എ ഇ സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രിയെ ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ യു എ ഇ പവലിയനിൽ വെച്ച് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു.