രാജ്യത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഏതാണ്ട് 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലാജലിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊതു സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരിലേക്കും കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ എത്തിയതായും, ഇത് സമൂഹ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ജനജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ട് വരുന്നതിന് ഇത് വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കാനായതോടെ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സാധിച്ചതായും, രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ വിജയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.