രാജ്യത്തെ വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത് സംബന്ധിച്ച ഒരു വിജ്ഞാപനം മന്ത്രാലയം രാജ്യത്തെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകൾക്ക് നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഠന സമയങ്ങളിലും, പഠ്യേതര പ്രവർത്തനങ്ങളുടെ സമയങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഈ വിജ്ഞാപനത്തിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച് കൊണ്ട് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത് മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.