യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിടെക്സ് ഗ്ലോബൽ 2022 വേദി സന്ദർശിച്ചു. ലോകത്തെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനുകളിലൊന്നായ ‘ജിടെക്സ് ഗ്ലോബൽ 2022’ പ്രദർശന വേദിയിൽ അദ്ദേഹം ഒക്ടോബർ 11-നാണ് സന്ദർശനം നടത്തിയത്.
ദുബായ് ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്ടസ് ചെയർമാനുമായ H.H. ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം, എ ഐ, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക് അപ്പ്ളിക്കേഷൻസ് വകുപ്പ് സഹമന്ത്രി H.E. ഒമർ ബിൻ സുൽത്താൻ അൽ ഉലമ മറ്റു ഉന്നത ഉദ്യോഗസ്ഥർ മുതലായവർ അദ്ദേഹത്തെ അനുഗമിച്ചു.
“ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി പ്രദർശനം ദുബായിൽ വെച്ച് സംഘടിപ്പിക്കുന്നത്, ലോകത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ യു എ ഇ വഹിക്കുന്ന പങ്ക് എടുത്ത് കാട്ടുന്നു. മേഖലയിലും, ആഗോളതലത്തിലും സുസ്ഥിരതയിലൂന്നിയുള്ള വികസനം യാഥാർഥ്യമാക്കുന്നതിനായി പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുന്നതിൽ യു എ ഇ വലിയ പങ്ക് വഹിക്കുന്നു”, ജിടെക്സ് ഗ്ലോബൽ 2022 വേദിയിലെത്തിയ മുഹമ്മദ് ബിൻ റാഷിദ് അറിയിച്ചു.
വെബ് 3.0 സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്ന ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിൽ 90-ൽ പരം രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കുന്നുണ്ട്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ 26 ഹാളുകളിലായി രണ്ട് ദശലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയിലൊരുക്കിയിരിക്കുന്ന ഈ ടെക്‌നോളജി പ്രദർശനം ഇത്തരത്തിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ പ്രദർശനമാണ്.
ജിടെക്സ് ഗ്ലോബലിന്റെ നാല്പത്തിരണ്ടാമത് പതിപ്പ് 2022 ഒക്ടോബർ 10-ന് യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. 2022 ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ജിടെക്സ് ഗ്ലോബൽ 2022 സംഘടിപ്പിക്കുന്നത്.
WAM