രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. പ്രവാസി തൊഴിലാളികളുടെ ലെവി വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പ്രാദേശിക ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എണ്ണ വിലയിലെ അസ്ഥിരത രാജ്യത്തിന്റെ ബജറ്റിൽ ചെലുത്തിയിരുന്ന സ്വാധീനം കുറഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.
പ്രധാന പദ്ധതികൾക്ക് വേണ്ടി 2022-ൽ ഏതാണ്ട് 30 ബില്യൺ റിയാൽ ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു. അടുത്ത രണ്ട് വർഷവും ഇത്തരം പദ്ധതികൾക്കായി സമാന തുകകൾ ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിലെ ടാക്സ് വിഹിതം പുനഃനിർണ്ണയിക്കുന്നത് സംബന്ധിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.