Covid-19: യു എ ഇയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും മാർച്ച് 22 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

GCC News

അബുദാബിയിലെ ഇന്ത്യൻ എംബസിയിലും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാർച്ച് 22, ഞായറാഴ്ച്ച മുതൽ സേവന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. എംബസിയിലും, കോൺസുലേറ്റിലും, സേവന കേന്ദ്രങ്ങളിലും നേരിട്ട് ഹാജരാകുന്നത് അടിയന്തിര സ്വഭാവമുള്ളതും തീരെ ഒഴിവാക്കാനാകാത്തതുമായ സേവനങ്ങൾക്ക് മാത്രമായി ചുരുക്കണമെന്ന് അധികൃതർ യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിന് വ്യാഴാഴ്ച്ച നിർദ്ദേശം നൽകി. പൊതുഇടങ്ങളിലെ തിരക്കുകൾ നിയന്ത്രിക്കാനുള്ള യു എ ഇയിലെ ആരോഗ്യ സുരക്ഷാ വിദഗ്ദ്ധരുടെ മാർഗദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് രണ്ടാഴ്ചത്തേക്ക് ഈ നടപടി കൈക്കൊള്ളുന്നത്.

ഈ കാലയളവിൽ, സേവനകേന്ദ്രങ്ങളിലെ പാസ്‌പോർട്ട് നടപടികളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ:

  • ജൂൺ 30-നു മുന്നേ കാലാവധി തീരുന്നതോ, നിലവിൽ കാലാവധി കഴിഞ്ഞതോ ആയ പാസ്സ്പോർട്ടുകൾ മാത്രമേ പുതുക്കി നൽകു.
  • പാസ്സ്പോർട്ടിലെ വിവരങ്ങൾ തിരുത്തുന്നതിനുള്ള നടപടികൾ നിലവിൽ ജൂൺ 30-നു മുന്നേ കാലാവധി അവസാനിക്കുന്ന പാസ്പോർട്ടുകൾക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.
  • ഇന്ത്യൻ പൗരത്വത്തിനുള്ള വിദേശികളിൽ നിന്നുള്ള അപേക്ഷകൾ നിലവിൽ സ്വീകരിക്കുന്നതല്ല.
  • പാസ്സ്പോർട്ടിലെ രേഖകൾ പ്രകാരമുള്ള മറ്റു സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകൾ നിലവിൽ സ്വീകരിക്കില്ല.
  • പാസ്പോര്ട്ട് സേവനകേന്ദ്രങ്ങളിൽ ഈ മാനദണ്ഡങ്ങൾ അനുസരിച്ച് സേവനത്തിനു അർഹരായവരെ മാത്രമേ പ്രവേശിപ്പിക്കൂ. അപേക്ഷകന്റെ കൂടെ വരുന്നവർക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. കുട്ടികൾക്ക് ഈ നിബന്ധന ബാധകമല്ല.

ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഇന്ത്യൻ അസോസിയേഷൻ അജ്‌മാൻ, IRC റാസൽ ഖൈമ, ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ, ഇന്ത്യൻ സോഷ്യൽ ക്ലബ് കൽബ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ എന്നിവിടങ്ങളിലായി നിലവിൽ മറ്റു എമിറേറ്റുകളിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തിവരുന്ന അറ്റസ്റ്റേഷൻ സേവനങ്ങൾ മാർച്ച് 22 മുതൽ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നതാണ്. ഈ സ്ഥലങ്ങളിൽ നിന്നുള്ള അടിയന്തിര സ്വഭാവമുള്ള അറ്റസ്റ്റേഷൻ ആവശ്യങ്ങൾക്ക് ദുബായിലെ IVS അറ്റസ്റ്റേഷൻ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഈ സേവനം വളരെ കുറച്ച് പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

അൽ ഐനിലെ ഇന്ത്യൻ സോഷ്യൽ സെന്റർ, മുസ്സഫയിലെ അബുദാബി മലയാളി സമാജം, റുവൈസിലെ ADNOC ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായി ഇന്ത്യൻ എംബസി നടത്തിവരുന്ന അറ്റസ്റ്റേഷൻ സേവനങ്ങളും ഈ കാലയളവിൽ ഉണ്ടായിരിക്കുന്നതല്ല. ഈ സ്ഥലങ്ങളിൽ നിന്നുള്ള അടിയന്തിര സ്വഭാവമുള്ള അറ്റസ്റ്റേഷൻ ആവശ്യങ്ങൾക്ക് അബുദാബിയിലെ IVS അറ്റസ്റ്റേഷൻ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.

മറ്റു നിർദ്ദേശങ്ങൾ:

ഈ കാലയളവിൽ എംബസിയിലേക്കും, കോൺസുലേറ്റിലേക്കുമുള്ള നേരിട്ടുള്ള സന്ദർശനം കഴിയുന്നതും ഒഴിവാക്കേണ്ടതാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി cons1.dubai@mea.gov.in, cons3.dubai@mea.gov.in and conssec.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിലൂടെ ബന്ധപ്പെടാം. ഇന്ത്യൻ എംബസിയുമായി fsca.abudhabi@mea.gov.in, ca.abudhabi@mea.gov.in, help.abudhabi@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ എംബസിയിലോ, കോൺസുലെറ്റിലോ നേരിട്ട് സന്ദർശിക്കുന്നവർ കർശനമായും താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിക്കുന്നു:

  • ലേബർ കേസുകൾ, മരണം, ജനനം, അപകടങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങൾ അപേക്ഷിക്കുന്ന ആളുകൾക്ക് മാത്രമേ എംബസിയിലേക്ക്/ കോണ്സുലേറ്റിലേക്ക് പ്രവേശനമനുവദിക്കൂ.
  • വിവാഹ രെജിസ്ട്രേഷൻ നടപടികൾക്കായി വരൻ, വധു, 3 സാക്ഷികൾ എന്നിവരെ മാത്രമേ പ്രവേശിപ്പിക്കൂ. 5 പേരിൽ കൂടുതൽ ആളുകളെ അനുവദിക്കുന്നതല്ല.
  • മരണവുമായി ബന്ധപ്പെട്ട രെജിസ്ട്രേഷൻ നടപടികൾക്ക് 2 പേരിൽ കൂടുതൽ പ്രവേശിപ്പിക്കുന്നതല്ല.
  • പനി, ചുമ, ജലദോഷം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. തെർമൽ സ്ക്രീനിങ് നടപടികൾ നിർബന്ധമാക്കിയിട്ടുണ്ട്.