COP28 കാലാവസ്ഥാ ഉച്ചകോടി: പങ്കെടുക്കുന്ന ഓരോ സന്ദർശകനും കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭം പ്രഖ്യാപിച്ച് യു എ ഇ

featured GCC News

ഈ വർഷം ഡിസംബറിൽ നടക്കുന്ന COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) വ്യക്തമാക്കി. ഇതിനായി ‘ഘർസ് അൽ ഇമാറാത്ത്’ (യുഎഇ നടീൽ സംരംഭം) എന്ന ഒരു പ്രത്യേക പരിപാടി നടപ്പിലാക്കുമെന്ന് EAD പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി കാലാവസ്ഥാ വ്യതിയാന തന്ത്രത്തിന്റെയും, അബുദാബി കണ്ടൽക്കാടുകളുടെ സംരക്ഷണ സംരംഭത്തിന്റെയും ഭാഗമാണ്, H.H. ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഈ സംരംഭം. സുസ്ഥിരത വർഷത്തിന്റെ ഭാഗമായി, കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത് പോലെയുള്ള സാങ്കേതിക വിദ്യകൾ ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്തുന്നതാണ്.

ഈ കോൺഫെറൻസിൽ പങ്കെടുക്കുന്ന ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ വീതം നട്ടു പിടിപ്പിക്കുന്നതിലൂടെ അബുദാബിയിലെ കണ്ടൽകാടുകളുടെ ആകെ വിസ്തൃതി നിലവിലുള്ള 176 സ്‌ക്വയർ കിലോമീറ്റർ എന്നതിൽ നിന്ന് ഉയർത്തുന്നതിന് EAD ലക്ഷ്യമിടുന്നു. ഈ വർഷത്തിന്റെ അവസാന പാദത്തിലാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നത്.

ഇതിനായി മറവഹ് മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ദ്വീപ് എന്നിവയുൾപ്പെടെ കണ്ടൽക്കാടുകളുടെ വളർച്ചയ്ക്ക് അനുകൂലമായ തീരപ്രദേശങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കണ്ടൽക്കാടുകളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള അബുദാബി കണ്ടൽ മേഖലയുടെ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുകയും, അതേസമയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ചെറുക്കുന്നതിനും ഈ ആവാസവ്യവസ്ഥകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നതാണ്.

കാലാവസ്ഥാ പ്രവർത്തനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 13-ാം ലക്ഷ്യത്തിലെത്താൻ സഹായിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് EAD സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദഹേരി വ്യക്തമാക്കി. 2030-ഓടെ 100 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുക എന്ന യു എ ഇയുടെ അഭിലാഷത്തിന് അനുസൃതമാണ് ഈ സംരംഭമെന്നും ഡോ. ശൈഖ സലേം അൽ ദഹേരി കൂട്ടിച്ചേർത്തു.

ഉയർന്ന ഉൽപ്പാദനക്ഷമതയ്ക്ക് പേരുകേട്ട കണ്ടൽക്കാടുകൾ, ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യാനും കാർബൺ സംഭരിക്കാനും ഉള്ള കഴിവിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന സുപ്രധാന തീരദേശ ആവാസവ്യവസ്ഥയാണ്. യു എ ഇയിലെ കണ്ടൽക്കാടുകളിൽ ഭൂരിഭാഗവും (85%) അബുദാബിയിലാണ്. 1970-കളിൽ രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശൈഖ് സായിദിന്റെ വനവൽക്കരണ പരിപാടികളോടെ ആരംഭിച്ച ഒരു ദീർഘകാല സംരംഭമാണ് കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം.

2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

WAM