ബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്നതിനായി 1.4 കിലോമീറ്റർ നീളമുള്ള പുതിയ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ബാർ ദുബായിൽ നിന്ന് ദുബായ് ഐലൻഡ്സ് പ്രൊജക്റ്റിലേക്ക് നേരിട്ടുള്ള എൻട്രി/ എക്സിറ്റ് റോഡുകൾ ലഭ്യമാക്കുന്നതിനായി നിർമ്മിക്കുന്ന ഈ പാലം 2026-ഓടെ പൂർത്തിയാക്കാനാണ് RTA ലക്ഷ്യമിടുന്നത്.
ഈ പാലം നിർമ്മിക്കുന്നതിനായി ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ നഖീലുമായി RTA കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. RTA ഡയറക്ടർ ജനറൽ മതർ അൽ തയ്യർ, നഖീൽ ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനി എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.
1425 മീറ്റർ നീളമുള്ള ഈ പാലത്തിൽ ഇരുവശത്തേക്കും നാല് വരികൾ വീതം ഉണ്ടായിരിക്കുന്നതാണ്. ഇരുവശത്തേക്കും മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് വീതം കടന്ന് പോകാവുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.
അൽ ഷിന്ദഗ കോറിഡോർ വികസനപദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിർമ്മിക്കുന്നത്. ദുബായ് ക്രീക്കിന് കുറുകെ ഇൻഫിനിറ്റി ബ്രിഡ്ജ്, പോർട്ട് റാഷിദ് ഡവലപ്മെന്റ് പ്രോജക്റ്റ് എന്നിവയ്ക്ക് നടുവിലായി നിർമ്മിക്കുന്ന ഈ പാലം ക്രീക്കിലെ ജലനിരപ്പിൽ നിന്ന് 15.5 മീറ്റർ ഉയരത്തിലാണ് പണിതീർക്കുന്നത്.
സൈക്കിൾ യാത്രികർ, കാൽനടയാത്രികർ എന്നിവർക്ക് ഈ പാലത്തിൽ പ്രത്യേക വരികൾ ഉണ്ടായിരിക്കുന്നതാണ്. ദുബായ് ഐലൻഡ്സ്, ബർ ദുബായ് എന്നിവിടങ്ങളിലെ നിലവിലുള്ള റോഡുകളിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഈ പാലത്തിന്റെ നിർമ്മാണം.