യു എ ഇ: ബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി RTA

featured UAE

ബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്നതിനായി 1.4 കിലോമീറ്റർ നീളമുള്ള പുതിയ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ബാർ ദുബായിൽ നിന്ന് ദുബായ് ഐലൻഡ്സ് പ്രൊജക്റ്റിലേക്ക് നേരിട്ടുള്ള എൻട്രി/ എക്സിറ്റ് റോഡുകൾ ലഭ്യമാക്കുന്നതിനായി നിർമ്മിക്കുന്ന ഈ പാലം 2026-ഓടെ പൂർത്തിയാക്കാനാണ് RTA ലക്ഷ്യമിടുന്നത്.

ഈ പാലം നിർമ്മിക്കുന്നതിനായി ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ നഖീലുമായി RTA കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. RTA ഡയറക്ടർ ജനറൽ മതർ അൽ തയ്യർ, നഖീൽ ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനി എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.

Source: RTA, Dubai.

1425 മീറ്റർ നീളമുള്ള ഈ പാലത്തിൽ ഇരുവശത്തേക്കും നാല് വരികൾ വീതം ഉണ്ടായിരിക്കുന്നതാണ്. ഇരുവശത്തേക്കും മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് വീതം കടന്ന് പോകാവുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.

അൽ ഷിന്ദഗ കോറിഡോർ വികസനപദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിർമ്മിക്കുന്നത്. ദുബായ് ക്രീക്കിന് കുറുകെ ഇൻഫിനിറ്റി ബ്രിഡ്ജ്, പോർട്ട് റാഷിദ് ഡവലപ്മെന്റ് പ്രോജക്റ്റ് എന്നിവയ്ക്ക് നടുവിലായി നിർമ്മിക്കുന്ന ഈ പാലം ക്രീക്കിലെ ജലനിരപ്പിൽ നിന്ന് 15.5 മീറ്റർ ഉയരത്തിലാണ് പണിതീർക്കുന്നത്.

Source: RTA, Dubai.

സൈക്കിൾ യാത്രികർ, കാൽനടയാത്രികർ എന്നിവർക്ക് ഈ പാലത്തിൽ പ്രത്യേക വരികൾ ഉണ്ടായിരിക്കുന്നതാണ്. ദുബായ് ഐലൻഡ്സ്, ബർ ദുബായ് എന്നിവിടങ്ങളിലെ നിലവിലുള്ള റോഡുകളിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഈ പാലത്തിന്റെ നിർമ്മാണം.