ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയാണ് ഈ ബിനാലെ സംഘടിപ്പിക്കുന്നത്. ഒരു കലാരുപം എന്ന നിലയിൽ കലിഗ്രഫിയ്ക്കുള്ള സവിശേഷത, അറബിക് സംസ്കാരത്തിൽ കയ്യെഴുത്ത്, കൈയെഴുത്തുശാസ്ത്രം എന്നിവയ്ക്കുള്ള പ്രാധാന്യം എന്നിവ ഈ ബിനാലെ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കലാകാരൻമാർ ദുബായ് കലിഗ്രഫി ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്. ദുബായിലെ മുപ്പത്തിഞ്ചിലധികം വേദികളിലായി പത്തൊമ്പത് പ്രദർശനങ്ങൾ ഈ ബിനാലെയുടെ ഭാഗമായി അരങ്ങേറുന്നതാണ്.
ഈ ബിനാലെ 2023 ഒക്ടോബർ 31 വരെ നീണ്ട് നിൽക്കും. ഈ ബിനാലെയുടെ ഭാഗമായി പതിനൊന്നാമത് ദുബായ് ഇന്റർനാഷണൽ അറബിക് കലിഗ്രഫി പ്രദർശനവും നടത്തുന്നുണ്ട്.
ഇതിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 50 കലിഗ്രഫി കലാകാരൻമാർ രചിച്ച 75 കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതാണ്. ഇത്തിഹാദ് മ്യൂസിയത്തിലാണ് ഈ പ്രദർശനം. ദുബായ് കൾച്ചർ, ദുബായ് കളക്ഷൻ, ആർട്ട് ദുബായ്, ഇത്തിഹാദ് മ്യൂസിയം എന്നിവർ സംയുക്തമായാണ് ഈ പ്രദർശനം ഒരുക്കുന്നത്.
Cover Image: Dubai Media Office.