എക്സ്പോ 2023 ദോഹ: ഒമാൻ പവലിയൻ തുറന്നു

Oman

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ ഒമാൻ പവലിയൻ തുറന്നു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുസന്ദം ഗവർണറേറ്റ് മുതൽ ദോഫാർ ഗവർണറേറ്റ്‌ വരെയുള്ള ഒമാന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജൈവവൈവിധ്യം എടുത്ത് കാട്ടുന്നതാണ് ഈ പവലിയൻ. സന്ദർശകർക്ക് ഒമാനിലെ വിവിധ പരിസ്ഥിതികളെ അടുത്തറിയുന്നതിന് ഈ പവലിയൻ അവസരമൊരുക്കുന്നു.

ഏതാണ്ട് 1600-ഓളം മരങ്ങളുടെയും, ചെടികളുടെയും മാതൃകകൾ ഒമാൻ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ഒമാൻ പവലിയനിലേക്ക് വേണ്ടി ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് ഖത്തറിൽ എത്തിച്ചതാണ് ഈ ചെടികൾ.

അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദർ, ദോഫാറിലെ മൺസൂൺ കാലാവസ്ഥ മുതലായ സാഹചര്യങ്ങളിലെ കൃഷിരീതികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഫ്രാങ്കിൻസെൻസ് മരം, ബാവോബാബ് മരം തുടങ്ങിയ ഒമാനിലെ ഏതാനം ശാശ്വതമായി നിലനിൽക്കുന്നവയായ മരങ്ങളെയും ഈ പവലിയനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സന്ദർശകർക്ക് ഒമാനിലെ പരമ്പരാഗത ജലസേചന സംവിധാനങ്ങളായ അഫ്ലാജ് നീർകനാലുകളെ കുറിച്ച് ഈ പവലിയനിൽ നിന്ന് അറിയാവുന്നതാണ്. ഏതാണ്ട് 900 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2023 ഒക്ടോബർ 2, തിങ്കളാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്.

68-ഓളം രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ആധുനിക കര്‍ഷകവൃത്തി, സാങ്കേതികവിദ്യകൾ, നൂതനആശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്.

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അൽ ബിദ്ദ പാർക്കിൽ വെച്ചാണ് നടത്തുന്നത്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്.

Oman News Agency.