ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്തു. അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തത്. ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ചാണ് ഈ ആഗോള ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയിൽ സംസാരിച്ച ഹിസ് ഹൈനസ്, ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി സ്ഥാപിച്ച വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് സാമ്പത്തിക വളർച്ചയിലും നിക്ഷേപത്തിലും വൈദഗ്ധ്യം കൈമാറുന്നതിനുള്ള ഒരു പ്രധാന അന്താരാഷ്ട്ര ഫോറമായി മാറിയെന്ന് യു എ ഇ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഉദ്ഘാടനച്ചടങ്ങിലെ ഉൾക്കാഴ്ചയുള്ള പരാമർശങ്ങൾക്ക് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് യു എ ഇ പ്രസിഡന്റ് അഭിനന്ദനം അറിയിച്ചു. “ഈ ഉച്ചകോടിയിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഞങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്; നമ്മുടെ ജനതയെയും രാജ്യങ്ങളെയും അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനുള്ള ഒരു സഹകരണ യാത്ര ഇവിടെ ആരംഭിക്കുന്നു,” ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ഈ ഉച്ചകോടിയിലെ പങ്കാളികൾക്കും സംഘാടകർക്കും നന്ദി പറഞ്ഞുകൊണ്ട്, വികസനവും സമൃദ്ധിയും വളർത്തുന്ന ഒരു ഫലം കൈവരിക്കുന്നതിൽ ഉച്ചകോടിയുടെ വിജയത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് തന്റെ വാക്കുകൾ അവസാനിപ്പിച്ചു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്, ഫിനാൻസ് പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.
2024 ജനുവരി 9-ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യു എ ഇ പ്രസിഡന്റിനെയും, പ്രതിനിധി സംഘത്തെയും ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു.
തുടർന്ന് യു എ ഇ പ്രസിഡണ്ടും, ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
വിവിധ മേഖലകളിൽ നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള മൂന്ന് ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചിരുന്നു.
WAM