ഗുജറാത്ത് സർക്കാരുമായി മൂന്ന് ബില്യൺ ഡോളറിന്റെ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ച് ഡിപി വേൾഡ്

UAE

ഗുജറാത്ത് സംസ്ഥാനവുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് മൂന്ന് ബില്യൺ ഡോളറിന്റെ (INR 250 ബില്യൺ) മൂല്യമുള്ള വിവിധ ധാരണാപത്രങ്ങളിൽ ഡിപി വേൾഡ് ഒപ്പ് വെച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

പുതിയ തുറമുഖങ്ങൾ നിർമ്മിക്കുന്നതിനും, പോർട്ട് ടെർമിനലുകൾ ഒരുക്കുന്നതിനും, സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ കരാറുകൾ. ഡിപി വേൾഡ് ചെയർമാനും സി ഇ ഓയുമായ സുൽത്താൻ അഹ്‌മദ്‌ ബിൻ സുലായെം, ഗുജറാത്ത് സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി എം. കെ. ദാസ് എന്നിവരാണ് ഈ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചത്.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നവരുടെ സാന്നിധ്യത്തിലാണ് ഈ ധാരണാപത്രങ്ങളിൽ ഇവർ ഒപ്പ് വെച്ചത്. ഗാന്ധിനഗറിൽ വെച്ച് നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഗുജറാത്തുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റ്റെ ഭാഗമായി ഡിപി വേൾഡ് താഴെ പറയുന്ന കരാറുകളിലാണ് ഒപ്പ് വെച്ചിരിക്കുന്നത്:

  • തെക്കൻ ഗുജറാത്തിലും, കച്ച് ദിശയിൽ പടിഞ്ഞാറൻ ഗുജറാത്ത് തീരമേഖലയിലും വിവിധോദ്ദേശ ഡീപ്-ഡ്രാഫ്റ്റ് പോർട്ടുകൾ നിർമ്മിക്കുക.
  • ജാംനഗർ, കച്ച് എന്നിവിടങ്ങളിൽ സ്പെഷ്യൽ എക്കണോമിക് സോണുകൾ നിർമ്മിക്കുക.
  • ദഹേയ്‌, വഡോദര, രാജ്കോട്ട്, ബേദി, മോർബി എന്നിവിടങ്ങളിൽ ഗതി ശക്തി കാർഗോ ടെർമിനലുകൾ (GCT), സ്വകാര്യ ഫ്രെയ്‌റ്റ് സ്റ്റേഷനുകൾ എന്നിവ ഒരുക്കുക.

ഗുജറാത്തിന്റെ തീരദേശമേഖലയിൽ കൂടുതൽ തുറമുഖങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് ഗുജറാത്ത് മാരിടൈം ബോർഡുമായുള്ള ഒരു കരാറിലും ഡി പി വേൾഡ് ഒപ്പ് വെച്ചിട്ടുണ്ട്.