2024 മാർച്ച് 15 മുതൽ മസ്കറ്റിൽ നിന്ന് ലക്‌നോവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രതിദിന വിമാനസർവീസ് ആരംഭിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരമാണ് പ്രാദേശിക മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി IX 0149 എന്ന വിമാനം മാർച്ച് 15-ന് രാവിലെ 7.30-ന് ലക്‌നൗ എയർപോർട്ടിൽ നിന്ന് സർവീസ് ആരംഭിച്ച് അതേ ദിവസം രാവിലെ 9.35-ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്നതാണ്. മസ്കറ്റിൽ നിന്ന് ഈ വിമാനം (IX 0150) രാവിലെ 10:35-ന് തിരികെ മടങ്ങുന്നതും ലക്‌നൗ എയർപോർട്ടിൽ വൈകീട്ട് 3:30-ന് എത്തിച്ചേരുന്നതുമാണ്.
ഈ വിമാനം ഇതേ സമയക്രമം പാലിച്ച് കൊണ്ട് 2024 മാർച്ച് 30 വരെ സർവീസ് തുടരും. മാർച്ച് 31 മുതൽ ഈ വിമാനം ലക്‌നോവിൽ നിന്ന് രാത്രി (21:30) യാത്ര ആരംഭിക്കുന്നതാണ്. മസ്കറ്റിൽ നിന്ന് പുലർച്ചെ 1:25-ന് തിരികെ മടങ്ങുന്ന ഈ സർവീസ് ലക്‌നോവിൽ രാവിലെ 06:20-ന് എത്തിച്ചേരുന്നതാണ്.