എമിറേറ്റിൽ 2024 ഫെബ്രുവരി 11 മുതൽ 13 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 10-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
അബുദാബിയുടെ വിവിധ ഇടങ്ങളിൽ ഫെബ്രുവരി 11 മുതൽ 13 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്നും, കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. റോഡിൽ ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കാനും, ട്രാഫിക് നിയമങ്ങളും, നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളം പെട്ടന്ന് പൊങ്ങാനിടയുള്ള താഴ്വരകൾ, താഴ്ന്ന പ്രദേശങ്ങൾ, ജലാശയങ്ങൾ, കടൽത്തീരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഫസ്റ്റ് എയ്ഡ് കിറ്റുകൾ, അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ടോർച്ച് ലൈറ്റുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2024 ഫെബ്രുവരി 12, തിങ്കളാഴ്ച രാത്രി വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
Cover Image: Abu Dhabi Media Office.