പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി

Kerala News

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുൻകൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.

വിദേശരാജ്യങ്ങളിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമന്ന് പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഈ വിഷയം കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

കൊറോണ ബാധ ലോകത്താകെ സ്തംഭനമാണ് ഉണ്ടാക്കിയത്. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികൾക്ക് നിരവധി സവിശേഷമായ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മലയാളി സമൂഹം ശ്രദ്ധയിൽപെടുത്തിയ ഒരു വിഷയം സ്‌കൂളുകൾ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നുവെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി മാനേജ്‌മെൻറുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യർത്ഥന കോൺഫറൻസിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സ്‌കൂൾ അധികൃതരോട് പൊതുഅഭ്യർത്ഥന നടത്തുകയും കേന്ദ്രസർക്കാർ വഴി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

നിയന്ത്രണം കഴിയുന്നതുവരെ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരുകയാണ് വേണ്ടത്. അത് കഴിഞ്ഞാൽ വിവിധ രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസ് ഏർപ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും.

കോവിഡ് ബാധിച്ചതല്ലാത്ത മരണങ്ങൾ നടന്നാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തടസ്സമില്ല. കുടുംബത്തിന് പണം ആവശ്യമുണ്ടെങ്കിലും  പ്രവാസികൾക്ക് പണം അയക്കാനാവാത്ത പ്രശ്‌നമുണ്ട്. ഈടില്ലാതെ, പിന്നീട് പ്രവാസികൾ തിരിച്ചടക്കുന്ന രീതിയിൽ, പ്രവാസികളുടെ കുടുംബത്തിന് വായ്പ കൊടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം എസ്.എൽ.ബി.സിയുടെ ശ്രദ്ധിയിൽ പ്പെടുത്തി ആവശ്യമായ നടപടിയെടുക്കും. തിരിച്ചടവ് മുടങ്ങിയ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പിഴ ഒഴിവാക്കി കൊടുക്കും.

ലോക കേരള സഭ അംഗങ്ങൾക്കും ക്ഷണിതാക്കൾക്കും ഓൺലൈൻ വഴി ഡിസാസ്റ്റർ മാനേജ്‌മെൻറ് കാര്യങ്ങളിൽ പരിശീലനം നൽകും. പ്രവാസികളുടെ ഡാറ്റ ശേഖരിക്കാനുള്ള ശ്രമം ഊർജിതപ്പെടുത്തും. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്നവരുടെ ആശങ്ക വളരെ വലുതാണ്. അവരുടെ പുനരധിവാസത്തിന് ഉതകുന്ന നടപടികൾ സർക്കാർ സ്വീകരിക്കും. ഓരോ രാജ്യത്തുമുള്ള സംഘടനകൾ ഒന്നിച്ച് ഈ ദുർഘട സന്ധിയിൽ നിന്ന് എങ്ങനെ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനാകും എന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ കാര്യത്തിൽ എപ്പോഴും നാടിന് പ്രത്യേക കരുതലുണ്ട്. കേരളത്തിൽ രോഗബാധിതരായവർ മഹാഭൂരിഭാഗവും പ്രവാസികളാണ്. ഈ സാഹചര്യത്തിൽ ചില കേന്ദ്രങ്ങളിൽ പ്രവാസികളോട് തെറ്റായ സമീപനം സ്വീകരിക്കുന്നത് മനസ്സിലാക്കിയ ഉടൻ സർക്കാർ ഇടപെട്ടിട്ടുണ്ട്. അവർ ജോലി ചെയ്യുന്ന സ്ഥലത്ത് രോഗബാധിതരായത് അവരുടെ കുറ്റം കൊണ്ടല്ല. അവർക്കെപ്പോഴും വരാനുള്ള സ്ഥലമാണ് നമ്മുടെ നാട്. ഈ നാടിൻറെ പ്രത്യേകതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇതൊക്കെ പൊതുവെ വ്യക്തമാക്കിയ കാര്യങ്ങളാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങൾ ഗൗരവമായി തന്നെ കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. രോഗികളായിട്ടുള്ളവരും രോഗം സംശയിക്കുന്നവരും നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിക്കും മറ്റും ഈ പ്രശ്‌നങ്ങൾ ഉന്നയിച്ചു കത്തയിച്ചിട്ടുണ്ട്. നോർക്ക വഴി ഫലപ്രദമായി ഇടപെടാൻ ശ്രമിക്കുന്നുണ്ട്. നോർക്കയുടെ ഹെൽപ്പ്‌ലൈനിൽ വിളിക്കുന്നതിന് ശങ്കിക്കേണ്ടതില്ല.

ചില വിദേശ രാജ്യങ്ങളിൽ ബാച്ചിലേഴ്‌സ് അക്കമോഡേഷനുകളിലും ലേബർ ക്യാമ്പുകളിലും ഒന്നിച്ചുകഴിയുന്നവരിൽ ആർക്കെങ്കിലും അസുഖം വരികയോ അസുഖസംശയം വരികയോ ചെയ്താൽ അവർക്ക് ക്വാറൻറൈനിൽ പോകാൻ പ്രത്യേക മുറിയോ മറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയുണ്ട്. ഓരോ പ്രദേശത്തുമുള്ള സംഘടനകൾ, ലോകകേരള സഭയുടെ അംഗങ്ങൾ, ഇവരെല്ലാം കൂടിയുള്ള പൊതുവായ ആലോചന ഇക്കാര്യത്തിൽ നടത്തുന്നത് നല്ലതാണ്. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ അവരെ താമസിപ്പിക്കാനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കാനാകണം. രോഗിയായി ആശുപത്രിയിലായവരുടെ കാര്യങ്ങളിൽ തുടരന്വേഷണത്തിനും കൂട്ടായ്മ വേണം. ഇക്കാര്യത്തിൽ ആവശ്യമായ കാര്യങ്ങൾ നോർക്കയുമായി പങ്കുവെക്കാവുന്നതാണ്.

നമ്മുടെ സഹോദരങ്ങളിൽ പുറത്തുപോയി ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ലബോറട്ടറി ജീവനക്കാർ, ഫാർമസിസ്റ്റുകൾ, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ ജീവനക്കാർ, മാലിന്യസംസ്‌കരണത്തിൽ ഏർപ്പെട്ടവർ തുടങ്ങിയ ജീവനക്കാർ ഓരോ സ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. അത്തരക്കാരുടെ സുരക്ഷ ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. ഈ വിഭാഗമെല്ലാം നമ്മുടെ നാടിൻറെ അഭിമാനമാണ്. പലയിടത്തും വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട് എന്നറിയുന്നു. സാനിറ്റൈസർ, മാസ്‌ക്ക്, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ  ഒരുക്കുന്നതിൽ അവിടത്തെ സംഘടനകൾ ശ്രദ്ധിക്കണം.

ഇതോടൊപ്പം സൂപ്പർ മാർക്കറ്റുകൾ, കമ്മ്യൂണിക്കേഷൻ രംഗം, ഭക്ഷണം വീടുകളിൽ എത്തിച്ചുകൊടുക്കുന്നവർ, ഫാർമസി, മാധ്യമ രംഗം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുമുണ്ട്. കേരളത്തിൽ നമുക്കാവശ്യമായ സന്നദ്ധസേന രൂപീകരിച്ചു കഴിഞ്ഞു. അതേപോലെ പ്രവാസി സംഘടകൾ കൂടിച്ചേർന്ന് ഈ ഘട്ടത്തിൽ എങ്ങനെ ഇടപെടാനാകും എന്നതിന് ഒരു പ്രവർത്തന പദ്ധതിക്ക് അവിടത്തെ സ്ഥിതി വെച്ച് രൂപം നൽകുന്ന കാര്യം ആലോചിക്കണം.

ഇത് വലിയൊരു ദുർഘടഘട്ടം തന്നെയാണ്. നാം പല പ്രതിസന്ധികളും വിജയകരമായി തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഘട്ടവും നമുക്ക് നല്ല നിലയിൽ തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. എല്ലാ കാര്യത്തിലും പങ്കാളികളായി നിന്നവരാണ് നിങ്ങൾ. ആ അനുഭവം നിങ്ങൾക്കുണ്ട്. അതുകൊണ്ട് ഈ വെല്ലുവിളിയെ നേരിടുന്ന കാര്യത്തിൽ അതത് സ്ഥലത്ത് നല്ല നിലയ്ക്കുള്ള പങ്കാളിത്തം വഹിക്കണം.

കോവിഡ് പ്രതിരോധത്തിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സ് അതത് സ്ഥലത്തെ പ്രായോഗികതയ്ക്കുനുസരിച്ച് രൂപീകരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.
ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ടാസ്‌ക് ഫോഴ്‌സിൻറെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്ന മറ്റുള്ളവർ ഇവരുടെ പ്രദേശങ്ങൾ തിരിച്ചുള്ള ഒരു സമഗ്ര ഡാറ്റാബാങ്ക് തയ്യാറാനാകുമോ എന്ന കാര്യം പരിശോധിക്കണം. കോമൺ ഡാറ്റാ ഫോർമാറ്റ് നോർക്ക് വെബ്‌സൈറ്റിൽ കൊടുക്കുന്നുണ്ട്. അതിൽ ഈ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. ഓരോ പ്രദേശത്തുമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനാകണം.

എന്നാൽ ചില രാജ്യങ്ങളിൽ ഡാറ്റാ പ്രൊട്ടക്ഷൻ പ്രശ്‌നമുണ്ട്. അതിനു വിരുദ്ധമായി പോകാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം. അതോടൊപ്പം പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിസ പുതുക്കൽ, തൊഴിൽദാതാവിൽ നിന്നുള്ള സമാശ്വാസ സഹായം എന്നീ കാര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ വ്യാപകമായി ഇടപെടണം. ഇക്കാര്യത്തിൽ മറ്റെല്ലാം മറന്ന് സംഘടകൾ കൂട്ടായി നിന്ന് കാര്യങ്ങൾ നീക്കണം.

വിദ്യാർത്ഥികൾ പലയിടങ്ങളിലും പാർട് ടൈം ജോലിയെടുത്ത് വരുമാനം ഉറപ്പിക്കുന്നവരുണ്ട്. ഈ സാഹചര്യത്തിൽ അവരെ സഹായിക്കാൻ അവിടെയുള്ള പ്രധാന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെറുതെങ്കിലും ഒരു ജോലി തരപ്പെടുത്തികൊടുക്കാൻ പറ്റുമോ എന്നത് എല്ലാവരും കൂടി ശ്രദ്ധിക്കണം.
മുഖ്യമന്ത്രിയോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.

യു.എ.ഇയിൽ നിന്ന് എം.എ. യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ആശ ശരത്, ഒ.വി. മുസ്തഫ, അൻവർ നഹ; പ്രമോദ് മങ്ങാട്, ഐകസ് ജോൺ പട്ടാണി പറമ്പിൽ, സൗദി അറേബ്യയിൽ നിന്ന് ജോർജ് വർഗീസ്, വി.കെ. അബ്ദു റുഫ്; ഒമാനിൽ നിന്ന് പി.എം. ജാബിർ; ഖത്തറിൽ നിന്ന് സി.വി. റപ്പായി, ജെ.കെ മേനോൻ; കുവൈറ്റിൽ നിന്ന് സാം പൈക്കോട്, അജിത് കുമാർ; ബഹ്‌റനിൽ നിന്ന് പി. സുബൈർ, പി.വി. രാധാകൃഷ്ണപിള്ള, വർഗ്ഗീസ് കുര്യൻ; യു.എസ്.എയിൽ നിന്ന് ഡോ. എം. അനിരുദ്ധൻ, ഡോ. മാധവൻ പിള്ള; ജപ്പാനിൽ നിന്ന് കെ. അബ്ദുള്ള വാവ; ബംഗ്‌ളാദേശിൽ നിന്ന് ഇന്ദു വർമ്മ; ഹെയ്തിയിൽ നിന്ന് നിസാർ; യു.കെ.യിൽ നിന്ന് ടി. ഹരിദാസ്; ഇറ്റലിയിൽ നിന്ന് അനിതാ പിള്ള; ആസ്‌ട്രേലിയയിൽ നിന്ന് വി.എസ്. സമേഷ് കുമാർ, മുരളി തുമ്മാരകുടി; ഉക്രൈനിൽ നിന്ന് ബോബൻ മേനോൻ; ജോർജിയയിൽ നിന്ന് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.