യു എ ഇ വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

featured GCC News

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ – യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ്, നാലാമത് യു എ ഇ – ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗ് എന്നിവയിൽ പങ്കെടുക്കുന്നതിനായാണ് യു എ ഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്.

ചരിത്രപരമായി ഇന്ത്യയും യു എ ഇയും പുലർത്തുന്ന അതിശക്തമായ ബന്ധങ്ങളിൽ ഏറെ അഭിമാനമുണ്ടെന്ന് H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി.

Source: WAM.

കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ പരസ്പര വിശ്വാസം, പരസ്പര ബഹുമാനം, പൊതുവായ താത്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ഒരു ബന്ധം ഇരുരാജ്യങ്ങളും വളർത്തിയെടുത്തതായി അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ സുസ്ഥിരതയിലൂന്നിയുള്ള വികസനം, അഭിവൃദ്ധി എന്നിവ വളർത്തുന്നതിലേക്ക് ഈ ബന്ധം നയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ – യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ്, നാലാമത് യു എ ഇ – ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗ് എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്ത്കാട്ടി. രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും, വികസന മുൻഗണനകൾക്ക് പിന്തുണ നൽകുന്നതിനും ഇവ ഏറെ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഇന്ത്യൻ സന്ദർശനത്തിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യൻ ജനതയ്ക്ക് എല്ലാ അഭിവൃദ്ധികളും നേർന്നു.

ആഗോളതലത്തിലെ വിവിധ മേഖലകളിൽ ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, സമഗ്ര സഹകരണ പങ്കാളിത്തത്തെക്കുറിച്ചും യു എ ഇ വിദേശകാര്യ മന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും ചർച്ച ചെയ്തു.