ഇരുപത്തഞ്ചാമത് ദുബായ് മാരത്തോണിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

GCC News

2026 ഫെബ്രുവരി 1-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തണിന്റെ ഇരുപത്തഞ്ചാമത് പതിപ്പിനായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര റോഡ് റേസാണിത്. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ പിന്തുണയോടെ നടക്കുന്ന ദുബായ് മാരത്തണിൽ 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കും.

വേൾഡ് അത്‌ലറ്റിക്‌സിൽ നിന്ന് ഗോൾഡ് ലേബൽ നേടുന്ന മേഖലയിലെ ആദ്യത്തെ ഓട്ടമത്സരമായി അംഗീകരിക്കപ്പെട്ട ദുബായ് മാരത്തോൺ എമിറേറ്റിലെ സ്‌പോർട്‌സ് കലണ്ടറിലെ ഒരു നാഴികക്കലാണ്. ആഗോളതലത്തിൽ മികച്ച പത്ത് മാരത്തണുകളിൽ ഒന്നായി കരുതുന്ന ദുബായ് മാരത്തോൺ വർഷം തോറും മികച്ച അത്‌ലറ്റുകളെയും അമച്വർ ഓട്ടക്കാരെയും ആകർഷിക്കുന്നു.

2026 പതിപ്പിൽ 42.195 കിലോമീറ്റർ മാരത്തണിനൊപ്പം, 10 കിലോമീറ്റർ റോഡ് റേസും 4 കിലോമീറ്റർ ഫൺ ഓട്ടവും സംഘടിപ്പിക്കുന്നതാണ്. https://www.dubaimarathon.org/ എന്ന വിലാസത്തിൽ നിന്ന് ദുബായ് മാരത്തോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം എന്നിവ ലഭ്യമാണ്.