ദുബായ്: ഉം സുഖീം സ്ട്രീറ്റ് വികസന പദ്ധതി 70% പൂർത്തിയാക്കിയതായി RTA

featured GCC News

ഉം സുഖീം സ്ട്രീറ്റ് വികസന പദ്ധതി 70% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 25-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നഗരമൊട്ടാകെയുള്ള റോഡ് വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി മേഖലയിലെ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം നിവാസികൾക്ക് പ്രയോജനകരമാണ്.

ഈ പദ്ധതി എമിറേറ്റിലെ റോഡ് ഗതാഗതം സുഗമമാക്കുന്നതിനും, ട്രാഫിക് ബ്ലോക്കുകൾ കുറയ്ക്കുന്നതിനും, യാത്രാ സമയം വെട്ടിച്ചുരുക്കുന്നതിനും ലക്ഷ്യമിടുന്നു. RTA ഡയറക്ടർ ജനറലും, ചെയർമാനുമായ മതർ അൽ തയർ പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ച് കൊണ്ട് ഈ പദ്ധതിയുടെ പുരോഗതികൾ വിലയിരുത്തി.

അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷൻ മുതൽ ആരംഭിക്കുന്ന ഈ വികസന പദ്ധതി ഉം സുഖീം – അൽ ഖുദ്ര കോറിഡോറിന്റെ ഭാഗമാണ്. അൽ ബർഷ സൗത്ത് 1, 2, 3, ദുബായ് ഹിൽസ്, അർജാൻ, ദുബായ് സയൻസ് പാർക്ക് തുടങ്ങിയ മേഖലകളിലെ നിവാസികൾക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമാണ്.

ഈ പദ്ധതിയുടെ ഭാഗമായി അൽ ബർഷ സൗത്ത് മേഖലയിലെ കിങ്‌സ് സ്കൂളിന് അരികിലായി ഒരു 800 മീറ്റർ നീളമുള്ള ടണൽ നിർമ്മിക്കുന്നതാണ്. ഇരുവശത്തേക്കും നാല് വരികളുള്ള ഈ ടണൽ ഉം സുഖീം സ്ട്രീറ്റിലൂടെയുള്ള ഗതാഗതം ഏറെ സുഗമമാക്കുന്നതാണ്.

നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ മേഖലയിലൂടെ മണിക്കൂറിൽ ഇരുവശത്തേക്കും 16000 വാഹനങ്ങൾക്ക് വരെ ഒരേസമയം കടന്ന് പോകാനാകുന്നതാണ്. ഈ പദ്ധതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള യാത്രാ സമയം 9.7 മിനിറ്റിൽ നിന്ന് 3.8 മിനിറ്റാക്കി വെട്ടിച്ചുരുക്കുന്നതിനും സഹായകമാകുന്നതാണ്.