റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. 2025 ഓഗസ്റ്റ് 31-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റോഡുകളിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ റോഡുകളിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് കൂട്ടിച്ചേർത്തു.

റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഗുരുതരമായ റോഡപകടങ്ങൾ തടയുന്നതിനും, ഗതാഗത തടസം ഒഴിവാക്കുന്നതിനും വാഹനങ്ങൾ തൊട്ടടുത്ത എക്സിറ്റിലേക്കോ, സുരക്ഷിതമായ ഇടങ്ങളിലേക്കോ മാറ്റി നിർത്തേണ്ടതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ, ടയർ പൊട്ടിയ വാഹനങ്ങൾ എന്നിവ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അബുദാബിയിൽ അകാരണമായി റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 1000 ദിർഹം പിഴയും (ആർട്ടിക്കിൾ 56 പ്രകാരം), ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും, അധികമായി 500 ദിർഹം പിഴയും (ആർട്ടിക്കിൾ 98 പ്രകാരം ട്രാഫിക് തടസം ഉണ്ടാക്കിയതിന്) ചുമത്തുന്നതാണ്.