ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ഒമാൻ ഭരണാധികാരി അംഗീകാരം നൽകി

featured GCC News

ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഔപചാരിക അംഗീകാരം നൽകി. 2026 ഫെബ്രുവരി 15-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്‌കറ്റ് സന്ദർശന വേളയിലാണ് CEPA കരാറിലേർപ്പെടുന്നതിനായി ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. ഈ വ്യാപാര കരാറിന് ഔപചാരിക അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഭാരമാധികാരി ’30/2026′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഇതോടെ ഭരണഘടനാ നടപടിക്രമങ്ങൾക്കനുസൃതമായി ഈ കരാർ നടപ്പിലാക്കുന്നതിന് വഴിയൊരുങ്ങുന്നതാണ്.

ഇന്ത്യ – ഒമാൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക, തന്ത്രപരമായ സഹകരണം പുതിയ തലങ്ങളിലേക്കുയർത്തുന്നതിനും, വാണിജ്യം, നിക്ഷേപം, ദീർഘകാല പങ്കാളിത്തം എന്നീ മേഖലകൾക്ക് കരുത്ത് പകരുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.

ഈ കരാർ ഇന്ത്യയിലെയും, ഒമാനിലെയും ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുന്നതിനും, വാണിജ്യ, വ്യാപാര നീക്കങ്ങൾ സുഗമമാകുന്നതിനും, പൊതു – സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതൽ മികച്ചതാക്കുന്നതിനും, ഇറക്കുമതിത്തീരുവ കുറയ്ക്കുന്നതിനും സഹായകമാകുന്നതാണ്. ഊർജ്ജം, ചരക്ക് നീക്കം, നിർമ്മാണം, സാങ്കേതികവിദ്യ, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഈ കരാർ പുതിയ അവസരങ്ങൾ സൃഷ്ടിക്കും.