ഒമാൻ: പടക്കങ്ങളുടെ ദുരുപയോഗം, വാഹന എക്‌സ്‌ഹോസ്റ്റുകളുടെ രൂപമാറ്റം എന്നിവയ്ക്കെതിരെ മുന്നറിയിപ്പ്

GCC News

പടക്കങ്ങളുടെ ദുരുപയോഗം, നിയമവിരുദ്ധമായ രീതിയിലുള്ള വാഹന എക്‌സ്‌ഹോസ്റ്റുകളുടെ പരിഷ്‌ക്കരണങ്ങൾ എന്നിവയ്ക്കെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 14-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതുസമൂഹത്തിലെ സ്വസ്ഥതയ്ക്ക് കോട്ടം വരുത്തുന്ന രീതിയിൽ ശബ്ദമലിനീകരണമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

പാർപ്പിടമേഖലകളിലും മറ്റും പടക്കങ്ങൾ, കരിമരുന്ന് എന്നിവ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ അംഗീകൃത സാങ്കേതിക നിബന്ധനകൾ പാലിക്കാത്ത എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾ സ്ഥാപിക്കുന്ന നടപടികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തികൾ അമിതമായതും ശല്യപ്പെടുത്തുന്നതുമായ ശബ്ദങ്ങൾക്ക് കാരണമാകുന്നതായും, ഇത് പാർപ്പിടമേഖലകളിലെ താമസക്കാർക്ക് അസൗകര്യമുണ്ടാക്കുകയും പൊതു സമാധാനത്തെ തകർക്കുകയും ചെയ്യുന്നതായും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ഒമാൻ ആയുധ നിയമങ്ങളിലെ ആർട്ടിക്കിൾ 25, ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 49 (5), 49 (7) എന്നിവയുടെ ലംഘനനമാണെന്ന് അധികൃതർ വ്യക്തമാക്കി.