സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി മാർഗ നിർദേശങ്ങൾ

Kerala News

കോവിഡ് 19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളും, സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതു സംബന്ധിച്ച് മാർഗ നിർദേശങ്ങളായി. റെഡ്‌സോൺ ജില്ലകളിലെയും സംസ്ഥാനത്തെ വിവിധ ഹോട്ട്‌സ്‌പോട്ടുകളിലെയും ഓഫീസുകളിൽ അതത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

കോവിഡ് 19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും/ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണം. റെഡ്‌സോൺ/ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ ഗ്രൂപ്പ് ‘എ’, ‘ബി’ ജീവനക്കാർ പരമാവധി 50 ശതമാനം ഉദ്യോഗസ്ഥർ സർക്കാർ ഓഫീസുകളിൽ ഹാജരാകണം. ഗ്രൂപ്പ് ‘സി’, ‘ഡി’ വിഭാഗം ജീവനക്കാരിൽ പരമാവധി 33 ശതമാനം ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ നയം സ്വീകരിക്കാം.

ആവശ്യമെങ്കിൽ മാത്രം ഇവർ ഓഫീസിൽ ഹാജരായാൽ മതിയാകും. അടിയന്തിര ജോലികളോ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ മാത്രം ഗ്രൂപ്പ് ‘ഡി’ ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ മതിയാകും.

റെഡ്‌സോൺ ജില്ലകൾ/ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നവ ആണെങ്കിൽകൂടി സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവ മുകളിൽ വിശദീകരിച്ചിരിക്കുന്ന പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം.

പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ അതത് ജില്ലകളിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ഡ്യൂട്ടി ചാർട്ട് തയാറാക്കാൻ ബന്ധപ്പെട്ട ഓഫീസർമാർ ശ്രദ്ധിക്കണം. അതത് ജില്ലകളിലുള്ള ജീവനക്കാരെ ലഭ്യമല്ലെങ്കിൽ മാത്രം തൊട്ടടുത്ത ജില്ലയിലെ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഓഫീസ് തിരിച്ചറിയൽ കാർഡും ഡ്യൂട്ടി ചാർട്ടിന്റെ ഉത്തരവും ഹാജരാക്കുന്ന പക്ഷം ഇപ്രകാരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് അന്തർജില്ലാ യാത്രാനുമതി നൽകുന്നതിന് പോലീസ് വകുപ്പ് ശ്രദ്ധിക്കണം.

ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകർത്താക്കളായ ഉദ്യോഗസ്ഥർ എന്നിവരെ ഡ്യൂട്ടിയിൽ നിന്നും പരമാവധി ഒഴിവാക്കണം.

ഇ-ഫയൽ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഐ.ടി വകുപ്പ്/ബന്ധപ്പെട്ട അധികാരികൾ വഴി വി.പി.എൻ കണക്ടിവിറ്റി നേടണം. ഇ-ഓഫീസ് വഴിയുള്ള ഫയൽ നീക്കം വകുപ്പ് തലവൻമാർ പരിശോധിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഓഫീസ് തലവൻമാർ ഇതു സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട ഡി.ഡി.ഒ മാർക്ക് ഏപ്രിൽ 25 നകം നൽകണം.
മേൽപ്പറഞ്ഞ ക്രമീകരണങ്ങൾ അവശ്യ സേവനം നടത്തുന്ന വകുപ്പുകൾക്ക് ബാധകമല്ല. ഈ ഓഫീസുകളിലെ ജീവനക്കാർ എല്ലാ ദിവസവും ഓഫീസിൽ ഹാജരാകണം.

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ നടപടിക്രമങ്ങൾ ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു.