അബുദാബി: രണ്ട് പുതിയ ഡാർബ് ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതായി ITC

GCC News

എമിറേറ്റിലെ ഡാർബ് ടോൾ ഗേറ്റ് സംവിധാനത്തിന് കീഴിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. 2026 ഏപ്രിൽ 22-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പ്രധാന റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും, റോഡ് ശൃംഖലയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, തിരക്കേറിയ സമയങ്ങളിൽ റോഡുകളിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനുമായാണ് ITC ഈ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ക്യൂ-മൊബിലിറ്റിയുമായി സഹകരിച്ചാണ് ഈ രണ്ട് ടോൾ ഗേറ്റുകളും പ്രവർത്തിപ്പിക്കുന്നത്.

താഴെ പറയുന്ന സ്ഥലങ്ങളിലാണ് പുതിയ ഡാർബ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്:

  • ഖാൻതൂതിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് സ്ട്രീറ്റിൽ.
  • ഷെയ്ഖ് സായിദ് സ്ട്രീറ്റിലെ എൻട്രൻസ്, എക്സിറ്റ് എന്നിവയ്ക്ക് സമീപം വാഹത് അൽ കരാമയിൽ.

ഈ രണ്ട് ടോൾ ഗേറ്റുകളും 2026 മെയ് 4 മുതൽ പ്രവർത്തനക്ഷമമാക്കുമെന്നും, ഇവ 24/7 എന്ന രീതിയിൽ പ്രവർത്തിക്കുമെന്നും ITC അറിയിച്ചിട്ടുണ്ട്. ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്ക് ഓരോ തവണയും നാല് ദിർഹമാണ് ടോൾ ഫീസായി ഈടാക്കുന്നത്.

മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ള ആളുകൾ, താഴ്ന്ന വരുമാനമുള്ള പൗരന്മാർ, വിരമിച്ച പൗരന്മാർ തുടങ്ങിയ വിഭാഗങ്ങളുടെ വാഹനങ്ങൾക്ക് ഇതിൽ ഇളവ് അനുവദിക്കുന്നതാണ്.