രാജ്യത്ത് സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് തടവ്, പിഴ തുടങ്ങിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 മെയ് 5-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🔷#جزء_مفقود pic.twitter.com/QxbUjXDSV6
— الادعاء العام (@oman_pp) May 5, 2026
സമൂഹത്തെയോ, സ്‌കൂൾ സമൂഹത്തിലെ വ്യക്തികളെയോ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, കിംവദന്തികൾ പ്രചരിപ്പിക്കൽ തുടങ്ങിയ പ്രവർത്തികൾക്കായി സാമൂഹിക മാധ്യമങ്ങൾ, മറ്റു ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി. ‘മിസ്സിംഗ് ലിങ്ക്’ എന്ന പേരിലുള്ള ഒരു ബോധവൽക്കരണ പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
സ്കൂൾ വിദ്യാഭ്യാസ നിയമത്തിലെ ആർട്ടിക്കിൾ ’48/e’ അനുസരിച്ച്, സമൂഹത്തെയോ, വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ള സ്കൂൾ സമൂഹത്തിലെ അംഗങ്ങളെയോ ലക്ഷ്യം വച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങൾക്ക് 30 ദിവസം വരെ തടവും 3,000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. സമ്മതമില്ലാതെ ചിത്രങ്ങൾ, ഓഡിയോ അല്ലെങ്കിൽ വീഡിയോ റെക്കോർഡിംഗുകൾ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ഉൾപ്പടെ വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വകാര്യത ലംഘിക്കുന്നതിനായി ഇന്റർനെറ്റ് അല്ലെങ്കിൽ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഓൺലൈൻ അപവാദം, അപകീർത്തിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള ഇത്തരം ലംഘനങ്ങൾക്ക് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ ’16’ പ്രകാരം മൂന്ന് വർഷം വരെ തടവും 5,000 റിയാൽ പിഴയും അല്ലെങ്കിൽ പിഴയും ലഭിക്കാവുന്നതാണ്.

