എബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി. ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സാണ് (CAA) ഈ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
CAA suspends entry of non-Bahraini travellers from South Sudan, Congo and Uganda amid escalating Ebola outbreakhttps://t.co/1Jti4EmDDq
— Bahrain News Agency (@bna_en) May 19, 2026
2026 മെയ് 19-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എബോള പൊട്ടിപ്പുറപ്പെടുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ പ്രവേശനം CAA താൽക്കാലികമായി നിർത്തിവച്ചത്.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ബഹ്‌റൈൻ പൗരന്മാരല്ലാത്ത യാത്രികർക്കാണ് വിലക്ക് ബാധകമാക്കിയിരിക്കുന്നത്. എബോള വൈറസ് ബാധയെക്കുറിച്ചും, ഈ രാജ്യങ്ങളിലെ രോഗബാധ സംബന്ധിച്ച സ്ഥിതി വഷളാകുന്നതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച അറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രവേശന നടപടിക്രമങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് CAA അറിയിച്ചിട്ടുണ്ട്. ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തുന്ന യാത്രികരുടെയും, ബഹ്‌റൈനിൽ എത്തുന്നതിന് 30 ദിവസത്തിനുള്ളിൽ ഈ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരുടെയും പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ബഹ്‌റൈൻ പൗരന്മാർക്ക് അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് വിധേയമായി പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഈ പ്രവേശന വിലക്ക് സംബന്ധിച്ച നടപടികൾ മെയ് 19 മുതൽ 30 ദിവസത്തേക്ക് തുടരുമെന്നും, തുടർച്ചയായ അവലോകനത്തിന് വിധേയമായി ഈ നിരോധനം ആവശ്യമെങ്കിൽ നീട്ടുമെന്നും CAA അറിയിച്ചിട്ടുണ്ട്. എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് അനുസൃതമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരാവുന്നതാണ്.

