ഒമാൻ: സ്വകാര്യ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

സ്വകാര്യ വിവരങ്ങൾ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്നതിനെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 മെയ് 18-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒരു വ്യക്തിയുടെ വ്യക്തിപരമോ, കുടുംബപരമോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ, ചിത്രങ്ങൾ അല്ലെങ്കിൽ പരാമർശങ്ങൾ എന്നിവ അനുമതിയില്ലാതെ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ക്രിമിനൽ നിയമനടപടികളിലേക്ക് നയിക്കുന്നതിന് കാരണമാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയോ കുടുംബ ജീവിതത്തെയോ ഹനിക്കുന്ന വാർത്തകൾ, ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ എന്നിവ അവരുടെ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നത് – ഇത്തരത്തിൽ പങ്കുവെക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ പോലും – ഒമാനിൽ ശിക്ഷാർഹമായ കുറ്റമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പീനൽ കോഡിലെ ആർട്ടിക്കിൾ 330 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളും, മറ്റു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്തതോടെ പെരുമാറാൻ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ അന്തസ്സിനോ പ്രശസ്തിക്കോ സ്വകാര്യതയ്‌ക്കോ ഹാനികരമായ ഉള്ളടക്കങ്ങൾ ഒഴിവാക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചിട്ടുണ്ട്.