ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ അഞ്ചാം ഘട്ടം ആരംഭിച്ചു

GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്കുള്ള നിരോധനത്തിന്റെ അഞ്ചാം ഘട്ടം ഒമാനിൽ ആരംഭിച്ചു. ഈ നിരോധനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

2026 ജൂലൈ 1-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ‘2024/8’ എന്ന ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

അഞ്ചാം ഘട്ടത്തിൽ ഈ നിയന്ത്രണങ്ങൾ കൂടുതൽ വാണിജ്യ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. നിരോധനത്തിന്റെ അഞ്ചാം ഘട്ടത്തിൽ താഴെ പറയുന്ന വാണിജ്യ മേഖലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:

  • ഫർണിച്ചർ സ്റ്റോറുകൾ.
  • ബ്ലാങ്കറ്റുകൾ, മറ്റു സമാനമായ സാധനങ്ങൾ എന്നിവ വിൽക്കുന്ന ചില്ലറവിൽപ്പനശാലകൾ.
  • കഠാര (ഖഞ്ചർ) വില്പനശാലകൾ.
  • സ്വർണ്ണം, വെള്ളി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ.
  • വാഹന പരിചരണ കേന്ദ്രങ്ങൾ.
  • വാഹന ഡീലർഷിപ്പുകൾ.

സുസ്ഥിര ഉപഭോക്തൃ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വിശാലമായ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമൊപ്പം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയാണ് ഈ തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.