അബുദാബി: ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2026 ജൂലൈ 14-ന് ആരംഭിക്കും

GCC News

ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2026 ജൂലൈ 14, ചൊവാഴ്ച ആരംഭിക്കും. 2026 ജൂലൈ 3-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2026 ജൂലൈ 14-ന് ആരംഭിക്കുന്ന ഇത്തവണത്തെ ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 23 വരെ നീണ്ടുനിൽക്കും. അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്.

ഇത്തവണത്തെ ലിവ ഡേറ്റ് ഫെസ്റ്റിവലിൽ 23 മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 295 സമ്മാനങ്ങളുള്ള ഈ വർഷത്തെ ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ ആകെ സമ്മാനത്തുക 8 ദശലക്ഷം ദിർഹത്തിലധികമാണ്.

അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും, മേഖലയിലെ ഈന്തപ്പഴ കർഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രദർശനം.

യു എ ഇയുടെ സമ്പന്നമായ പൈതൃകത്തിന്റെയും തുടർച്ചയായ സമൃദ്ധിയുടെയും പ്രതീകമായി ഈന്തപ്പനയുടെ പൈതൃകം സംരക്ഷിക്കുന്ന പൈതൃക പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ, സാംസ്കാരിക സംരംഭങ്ങൾ തുടങ്ങിയവയും ഈ ഫെസ്റ്റിവലിന്റെ ഭാഗമാണ്. പരമ്പരാഗത വിപണി, കരകൗശല വസ്തുക്കളുടെ വിപണനം, തത്സമയ നാടോടി പ്രകടനങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, സാംസ്കാരിക സായാഹ്നങ്ങൾ തുടങ്ങിയവയും ഈ പ്രദർശനത്തിൽ അരങ്ങേറുന്നതാണ്.