യു എ ഇ: വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

GCC News

രാജ്യത്തെ തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു എ ഇ അധികൃതർ തൊഴിലുടമകളോട് നിർദ്ദേശിച്ചു. 2026 ജൂലൈ 3-നാണ് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിലെ പുറം തൊഴിലിടങ്ങളിൽ വേനൽക്കാലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ചൂടിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിലുടമകളെ MoHRE ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

പുറം ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി താഴെ പറയുന്ന അഞ്ച് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് MoHRE അറിയിച്ചിട്ടുണ്ട്:

  • എല്ലാ തൊഴിലാളികൾക്കും ആവശ്യമായ അളവിൽ തണുത്ത കുടിവെള്ളം ഉറപ്പ് വരുത്തേണ്ടതാണ്.
  • ചൂടുള്ള സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ദ്രാവകങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ഇലക്ട്രോലൈറ്റ് പാനീയങ്ങൾ ഉൾപ്പടെയുള്ള പാനീയങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം തൊഴിലിടങ്ങളിൽ ചൂട് മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ പ്രഥമശുശ്രൂഷ ഉപകരണങ്ങൾ സജ്ജീകരിക്കേണ്ടതാണ്.
  • ഇത്തരം തൊഴിലിടങ്ങളിലെ ചൂടിന്റെ തീവ്രത കുറയ്ക്കുന്നതിന് അനുയോജ്യമായ ഇൻഡസ്ട്രിയൽ കൂളിംഗ് സംവിധാനങ്ങൾ തൊഴിലുടമകൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • തൊഴിലാളികൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ വിശ്രമിക്കാൻ സാധിക്കുന്ന രീതിയിലുള്ള പൂർണ്ണമായും തണലുള്ള ഇടങ്ങൾ ഒരുക്കേണ്ടതാണ്.