യു എ ഇയുടെ പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. 2026 ജൂലൈ 3-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
نهيان بن مبارك يشيد، خلال رحلة من أبوظبي إلى الفجيرة على متن قطار الركاب، بالجهود التي بذلتها شركة قطارات الاتحاد في تنفيذ هذا المشروع الوطني الحيوي الذي يوفر وسائل تنقل آمنة وسريعة ومستدامة تربط بين المدن والمراكز الاقتصادية، وتسهم في دعم الحركة التجارية والسياحية في الدولة. pic.twitter.com/GQoS37eUGZ
— مكتب أبوظبي الإعلامي (@ADMediaOffice) July 3, 2026
പാസഞ്ചർ റെയിൽ സർവീസുകൾ ആരംഭിച്ച് ഏതാനം ദിവസങ്ങൾക്ക് ശേഷം അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ഫുജൈറ സ്റ്റേഷനിലേക്ക് ഒരു പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യു എ ഇ നീതിന്യായ വകുപ്പ് മന്ത്രി അബ്ദുല്ല സുൽത്താൻ അൽ നുഐമിയും അദ്ദേഹത്തോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്നു. ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക് ഇവരെ ട്രെയിനിൽ സ്വീകരിച്ചു.
“ഇന്ന്, യു എ ഇയിൽ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന ആധുനികവും സംയോജിതവുമായ ഒരു ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങളുടെ ജ്ഞാനപൂർവമായ നേതൃത്വത്തിന്റെ ദർശനം ഉൾക്കൊള്ളുന്ന ഒരു പുതിയ ദേശീയ നേട്ടമാണിത്. ഈ പദ്ധതി കേവലം ഒരു ഗതാഗത മാർഗ്ഗമല്ല, മറിച്ച് യുഎഇയുടെ ഭാവിയിലേക്കുള്ള ഒരു തന്ത്രപരമായ നിക്ഷേപമാണ്.”, നഹ്യാൻ ബിൻ മുബാറക് ചൂണ്ടിക്കാട്ടി.
” ഈ പദ്ധതി എമിറേറ്റുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു, ജീവിത നിലവാരം ഉയർത്തുന്നു, സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങൾ നൽകുന്നു, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സരശേഷിയെ പിന്തുണയ്ക്കുന്നു, വ്യാപാരം, നിക്ഷേപം, ടൂറിസം, ലോജിസ്റ്റിക്സ് എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ യു എ ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30, ചൊവാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് ആരംഭിച്ചിരുന്നു. ഫുജൈറയിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു ഈ ആദ്യ പാസഞ്ചർ സർവീസ്.
പ്രാരംഭ പ്രവർത്തന ഘട്ടത്തിൽ ദിവസേന ആറ് ട്രിപ്പുകളാണ് ഈ റൂട്ടിൽ നടക്കുന്നത്. ബുക്കിംഗ് ആരംഭിച്ചത് മുതൽ അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകളുടെ ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
ഈ റെയിൽ ശൃംഖല പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാകുന്നതാണ്. ഈ ശൃംഖലയുടെ ഭാഗമായുള്ള പാസഞ്ചർ സർവീസുകൾ ഘട്ടം ഘട്ടമായാണ് ആരംഭിക്കുന്നത്.
2026 സെപ്റ്റംബർ 30-ന് ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും, 2026 ഡിസംബർ 30-ന് അൽ ദഫ്ര മേഖല സ്റ്റേഷനുകളും തുറന്ന് കൊടുക്കുന്നതാണ്. തുടർന്ന് 2027 മാർച്ച് 30-ന് ഷാർജ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഈ റൂട്ടിൽ പൂർണ്ണമായുള്ള പാസഞ്ചർ ട്രെയിൻ സേവനങ്ങൾ ആരംഭിക്കുന്നതാണ്.
Prepared with inputs from WAM.

