പാസ്പോർട്ട്, വിസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റുമാരെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 1-നാണ് അബുദാബിയിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
📢 Important Notice
— India in UAE (@IndembAbuDhabi) July 10, 2026
With effect from 1 July 2026, BLS International & SGIVS Global are NO LONGER our service providers. Passport, Visa & Attestation services are now provided directly by the Embassy & Consulate.
✅ Book your appointment at https://t.co/vuPsIzKvgK pic.twitter.com/7wtnuwXkxP
യു എ ഇയിലെ ഇന്ത്യൻ പൗരന്മാർ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ലഭിക്കുന്നതിനായി ഔദ്യോഗിക ചാനലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇന്ത്യൻ എംബസി ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ മിഷനുകളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന അനധികൃത ഏജന്റുമാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2026 ജൂലൈ 1 മുതൽ, BLS ഇന്റർനാഷണലും SGIVS ഗ്ലോബലും യു എ ഇയിലെ ഇന്ത്യൻ മിഷനുകളുടെ സേവന ദാതാക്കളല്ല എന്നും, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഇപ്പോൾ എംബസിയും കോൺസുലേറ്റും തങ്ങളുടെ ഓഫീസ് പരിസരങ്ങളിൽ നിന്ന് നേരിട്ടാണ് നൽകുന്നതെന്നും എംബസി ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷിക്കുന്ന യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾ https://book.passportindiauae.com/ എന്ന വിലാസത്തിലൂടെ ഓൺലൈനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യേണ്ടതാണെന്നും ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ ഈ ഔദ്യോഗിക പോർട്ടലിലൂടെ മാത്രമാണ് ബുക്ക് ചെയ്യാനാകുന്നത്.
ഇത്തരത്തിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് പൂർണ്ണമായും സൗജന്യമാണെന്നും എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ അപേക്ഷകരിൽ നിന്ന് പണം ഈടാക്കാനോ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്ത് നൽകുന്നതിനോ മറ്റാർക്കും അധികാരം നൽകിയിട്ടില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. പാസ്പോർട്ട്, വിസ അല്ലെങ്കിൽ അറ്റസ്റ്റേഷൻ അപ്പോയിന്റ്മെന്റുകൾ നൽകാമെന്ന് അവകാശപ്പെടുന്ന രീതിയിൽ BLS ഇന്റർനാഷണൽ, SGIVS ഗ്ലോബൽ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തികൾ, ഏജൻസികൾ എന്നിവർ നിങ്ങളെ സമീപിക്കുകയാണെങ്കിൽ അവർക്ക് പണം നൽകരുതെന്നും എംബസി കൂട്ടിച്ചേർത്തു.
ഇന്ത്യൻ എംബസികൾ തങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് വ്യാജമായി അവകാശപ്പെടുന്നവരുടെ അവകാശവാദങ്ങൾ തെറ്റാണെന്നും അവയെ വിശ്വസിക്കരുതെന്നും, പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അബുദാബിയിലെ ഇന്ത്യൻ എംബസിയുമായോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായോ ബന്ധമുണ്ടെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളോ സംഘടനകളോ ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുകയോ അമിത നിരക്ക് ഈടാക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, മിഷന്റെ ഔദ്യോഗിക കോൺടാക്റ്റ് ചാനലുകൾ വഴി ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും ഇന്ത്യൻ എംബസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അവരുടെ ഓഫീസുകളിൽ താൽക്കാലിക ഭരണപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള കോൺസുലാർ സേവനങ്ങൾക്കുള്ള പുതുക്കിയ നിയമങ്ങൾ, എംബസി, കോൺസുലേറ്റ് ഓഫീസുകളിൽ അവതരിപ്പിച്ചിട്ടുള്ള പരിമിതമായ വാക്ക്-ഇൻ സേവനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ 2026 ജൂലൈ 5-ന് പുറത്തിറക്കിയ ഒരു അറിയിപ്പിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

