കുവൈറ്റ്: റോഡിൽ തകരാറിലാകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

GCC News

രാജ്യത്തെ റോഡുകളിൽ വെച്ച് വാഹനങ്ങൾ തകരാറിലാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി. 2026 ജൂലൈ 11-നാണ് കുവൈറ്റ് പൊതു ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റോഡ് ഉപയോക്താക്കളുടെ സംരക്ഷണം തങ്ങളുടെ പ്രധാന മുൻഗണനകളിൽ ഒന്നാണെന്ന് ഊന്നിപ്പറഞ്ഞ് കൊണ്ടാണ് കുവൈറ്റ് പൊതു ഗതാഗത വകുപ്പ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.

റോഡിൽ തകരാറിലാകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ:

  • ഇത്തരം സാഹചര്യങ്ങളിൽ സാധ്യമാകുമ്പോഴെല്ലാം, വാഹനം റോഡിന്റെ ഏറ്റവും വലതുവശത്ത്, ഗതാഗത പ്രവാഹത്തിൽ നിന്ന് മാറ്റി നിർത്തേണ്ടതാണ്.
  • വാഹനം തകരാറിലാണെന്ന വിവരം മറ്റ് റോഡ് ഉപയോക്താക്കളെ അറിയിക്കുന്നതിനായി ഉടൻ തന്നെ വാഹനത്തിന്റെ ഹസാർഡ് ലൈറ്റുകൾ (ഫ്ലാഷറുകൾ) പ്രവർത്തിപ്പിക്കുക.
  • അടുത്തുവരുന്ന വാഹനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മതിയായ ഇടം ലഭിക്കുന്ന രീതിയിൽ കേടായ വാഹനത്തിന് പിന്നിൽ വാണിങ് ട്രയാംഗിൾ 100 മീറ്ററിൽ കുറയാത്ത അകലത്തിൽ സ്ഥാപിക്കുക.
  • സ്ഥലം കൃത്യമായി വ്യക്തമാക്കിക്കൊണ്ട് സഹായത്തിനായി അടിയന്തര നമ്പറായ 112-ൽ വിളിക്കുക.

വാഹന ഡ്രൈവർമാർ പതിവായി വാഹന അറ്റകുറ്റപ്പണികൾ നടത്തണമെന്നും ടയറുകളുടെയും വായു മർദ്ദത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും കുവൈറ്റ് പൊതു ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.