ഒമാൻ: ഇന്ത്യൻ എംബസി ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

GCC News

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂലൈ 29-നാണ് മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

ഒമാനിലെ എല്ലാ പ്രായത്തിലുമുള്ള ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ മത്സരത്തിൽ പങ്കെടുത്ത് കൊണ്ട് ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ അതുല്യമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കാവുന്നതാണ്. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, ഊർജ്ജസ്വലമായ പാരമ്പര്യങ്ങൾ, ശാസ്ത്ര നേട്ടങ്ങൾ, നവീകരണം, നഗരവികസനം തുടങ്ങിയ മേഖലകളെ ഫോട്ടോഗ്രാഫുകളിലൂടെ പകർത്താവുന്നതാണ്.

2026 ഓഗസ്റ്റ് 15-ന് നടക്കുന്ന എംബസിയുടെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഈ മത്സരത്തിലെ മികച്ച മൂന്ന് വിജയികളെ ആദരിക്കുന്നതാണ്. ഇത് കൂടാതെ മത്സരത്തിലെ മികച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്തവ അനുസ്മരണ പരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനുള്ള അപേക്ഷകൾ secondsecinfo@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. 2026 ഓഗസ്റ്റ് 8 വരെയാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നത്.