ദുബായ്: 2026-ന്റെ ആദ്യ പകുതിയിൽ 348.1 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

GCC News

2026-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 348.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

പ്രതിദിന യാത്രികരുടെ എണ്ണം 1.9 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 2-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഈ വർഷത്തെ ആദ്യ പകുതിയിൽ മൊത്തം യാത്രക്കാരുടെ ഏറ്റവും വലിയ പങ്ക് ദുബായ് മെട്രോയിലായിരുന്നു. 39.2% യാത്രികരാണ് ദുബായ് മെട്രോ ഉപയോഗിച്ചത്. 25.5% യാത്രികർ ടാക്സി സംവിധാനങ്ങളും, 24.4% പേർ പബ്ലിക് ബസുകളും ഉപയോഗപ്പെടുത്തി.