ഖരീഫ് സീസൺ: ദോഫാറിലേക്ക് സഞ്ചരിക്കുന്നവർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ROP

GCC News

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2026 ഓഗസ്റ്റ് 2-നാണ് ROP ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി ROP ഏതാനം റോഡ് സുരക്ഷാ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ അവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഗതാഗത നിയമങ്ങൾ പാലിക്കുക എന്നതാണ് റോഡിൽ ജീവൻ രക്ഷിക്കാനുള്ള താക്കോൽ എന്ന് വാഹനമോടിക്കുന്നവരെ പോലീസ് ഓർമ്മപ്പെടുത്തി. ഓരോ യാത്രയും സുരക്ഷിതമായി അവസാനിപ്പിക്കണമെന്ന് ROP കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സന്ദർശകരോട് ROP ആവശ്യപ്പെട്ടിട്ടുണ്ട്:

  • ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ശരിയായ പാതയിൽ തന്നെ യാത്ര തുടരേണ്ടതാണ്.
  • വാഹനത്തിന്റെ ജനലുകളിലൂടെ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിനായി യാത്രയിലുടനീളം വാഹനം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
  • സമാധാനപരമായ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്ന അനാവശ്യ വാഹന ശബ്‌ദം ഒഴിവാക്കേണ്ടതാണ്.
  • യാത്രക്കാർ വാഹനങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും, പല സാഹചര്യങ്ങളിലും വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതമായ മാർഗമെന്നും റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.