ഒമാൻ: നിയമവിരുദ്ധമായ മരം മുറിക്കൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ചട്ടങ്ങൾ വ്യക്തമാക്കി പരിസ്ഥിതി അതോറിറ്റി

GCC News

നിയമവിരുദ്ധമായ മരം മുറിക്കൽ പ്രവർത്തനങ്ങളെയും, പിടിച്ചെടുത്ത വിറകുകൾ കൈകാര്യം ചെയ്യുന്നതിനെയും നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. 2026 ഓഗസ്റ്റ് 6-നാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.

ഇതുമായി ബന്ധപ്പെട്ട അംഗീകൃത നിയമങ്ങളുടെ ലംഘനങ്ങൾ സ്ഥാപിക്കപ്പെടുന്ന അവസരങ്ങളിൽ മാത്രമാണ് നിയമനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത മരംമുറിക്കലുമായി ബന്ധപ്പെട്ട വിറക് പിടിച്ചെടുക്കൽ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് അതോറിറ്റി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

മരം മുറിക്കൽ, കരി ഉൽപ്പാദനം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ’65/2017′, ഭേദഗതി ’70/2024′ എന്നിവ പ്രകാരം, ഒമാനിൽ മരം മുറിക്കൽ പ്രത്യേക അനുമതികൾ ആവശ്യമുള്ള ഒരു നിയന്ത്രിത പ്രവർത്തനമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിഗത മരം മുറിക്കൽ, പ്രൊഫഷണൽ മരം മുറിക്കൽ, ചൂടാക്കുന്നതിനുള്ള വിറക്, കരി തുടങ്ങിയവയുടെ വിൽപ്പന, ഗതാഗതം എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് ഇത്തരം പെർമിറ്റുകൾ ലഭ്യമാണെന്നും ഓരോ പെർമിറ്റും നിർദ്ദിഷ്ട വ്യവസ്ഥകൾ, സാധുത കാലയളവുകൾ, ഫീസ് എന്നിവയ്ക്ക് വിധേയമാണെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വിറക് കൈവശം വച്ചതിന് മാത്രം നടപടിയെടുക്കാൻ കഴിയില്ലെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ ഇത്തരം നിയന്ത്രിത പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്നവർ, വിറകിന്റെ നിയമപരമായ ഉറവിടം തെളിയിക്കുന്നതിൽ പരാജയപ്പെടുന്നവർ, അനുമതിയില്ലാതെ അനുവദനീയമായ പരിധിക്കപ്പുറം അളവിൽ വിറക് സംഭരിക്കുന്നവർ, അല്ലെങ്കിൽ ചട്ടങ്ങൾക്ക് കീഴിൽ വ്യക്തമാക്കിയ മറ്റ് ലംഘനങ്ങൾ നടത്തുന്നവർ തുടങ്ങിയവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വിറക്, കരി, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഔദ്യോഗിക റിപ്പോർട്ടുകൾ വഴി രേഖപ്പെടുത്തുകയും അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി സംരക്ഷിക്കുകയും ചെയ്യുന്നതാണ്. അത്തരം വസ്തുക്കൾ ഒരു വ്യക്തികൾക്കും വിട്ടുനല്കുന്നതല്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ഈ ചട്ടങ്ങളിലെ ആർട്ടിക്കിൾ 10 അനുസരിച്ച്, ബാധകമായ നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി നിയമലംഘനങ്ങളുടെ ഫലമായി കണ്ടുകെട്ടിയ വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിസ്ഥിതി അതോറിറ്റിയെ അധികാരപ്പെടുത്തിയിട്ടുണ്ട്. പൗരന്മാരെ നിയന്ത്രിക്കുകയോ അവരുടെ ഉപജീവനമാർഗ്ഗത്തിൽ കൈകടത്തുകയോ അല്ല ഈ നിയമങ്ങളുടെ ലക്ഷ്യമെന്നും, മറിച്ച് മരംമുറിക്കൽ നിയമപരമായും സുസ്ഥിരമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതുവഴി പ്രകൃതിവിഭവങ്ങൾക്കും സസ്യജാലങ്ങൾക്കും മേലുള്ള നിലവിലുള്ളതും ഭാവിയിലുമുള്ള തലമുറകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

മരം മുറിക്കൽ, വിറക്, കരി തുടങ്ങിയവയുടെ വിതരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഇതിന് ആവശ്യമായ പെർമിറ്റുകൾ നേടണമെന്നും, ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കണമെന്നും, ആവശ്യകതകളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങൾക്ക് അതോറിറ്റിയുമായി ബന്ധപ്പെടണമെന്നും പരിസ്ഥിതി അതോറിറ്റി ആഹ്വാനം ചെയ്തു.